കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി. അൽപ്പസമയത്തിനകം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കോട്ടയം: പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം. തലച്ചോറിലേറ്റ വൈറസ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ഒഴിവാക്കി. അൽപ്പസമയത്തിനകം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ഉച്ചയ്ക്ക് 1. 40 നാണ് അഭിരാമിയുടെ അന്ത്യം സംഭവിച്ചത്. പെരിനാട്ടെ സർക്കാർ ആശുപത്രിയിൽ കുട്ടിയുടെ പ്രാഥമിക ചികിൽസയിൽ വീഴ്ച ഉണ്ടായെന്ന് മാതാപിതാക്കൾ കുറ്റപ്പെടുത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് പെരുനാട് സ്വദേശികളായ ഹരീഷിന്‍റെയും രജനിയുടെയും മകള്‍ അഭിരാമിയെ നായ കടിച്ചത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടി മൂന്ന് ദിവസം പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. ആഴത്തിലുള്ള മുറിവാണ് കുട്ടിക്ക് ഉണ്ടായത് എന്നതിനാൽ ഇമ്മ്യൂണോ ഗ്ലോബലിൻ കുത്തിവെപ്പും സ്വീകരിച്ചിരുന്നു.
പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് ഈ വര്‍ഷം ഉണ്ടാകുന്ന അഞ്ചാമത്തെ മരണമാണ് പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമിയുടേത്. എന്നാല്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിനെ അവിശ്വസിക്കേണ്ടതില്ലെന്ന നിലപാടാണ് ആരോഗ്യ വകുപ്പ് ഇപ്പോഴും ആവർത്തിക്കുന്നത്.
പത്തോളം പേരെ കടിച്ചു, രണ്ട് പഞ്ചായത്തുകളില്‍ ഭീതി പടര്‍ത്തിയ തെരുവുനായയെ നാട്ടുകാർ തല്ലി കൊന്നു
കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിലുള്ളവരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ തെരുവുനായയെ ഒടുവിൽ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാർ നായയെ തല്ലിക്കൊന്നത്. ചെറിയ കുട്ടികളടക്കം പത്തോളം പേരെയാണ് മൊകേരി ഭാഗത്ത് നായ കടിച്ച് പരിക്കേൽപിച്ചത്. രാവിലെ മുതൽ ഭീതിയിലായിരുന്നു ഈ പ്രദേശങ്ങൾ, ഇന്നലെ വൈകുന്നേരവും ചിലർക്ക് നായയുടെ കടിയേറ്റു. ആളുകളെ കടിച്ച നായ കായക്കൊടി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ പിന്തുടർന്ന് തല്ലിക്കൊല്ലുകയായിരുന്നു. പേവിഷബാധയുണ്ടൊയെന്ന് പരിശോധന നടത്തിയ ശേഷം നായയുടെ ജഡം മറവ് ചെയ്യും.
