ആനയിറങ്കൽ-ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ഒഴിപ്പിക്കുന്നത്. അഞ്ച് ഏക്കർ ഏല കൃഷിയാണ് ഒഴിപ്പിക്കുന്നത്. ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി. 

ഇടുക്കി: ദൗത്യ സംഘത്തിന്‍റെ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ തുടങ്ങി. ചിന്നക്കനാൽ വില്ലേജിൽ ആനയിറങ്കൽ ഡാമിന്‍റെ ക്യാച്ച്മെന്‍റ് ഏരിയയോട് ചേർന്ന അഞ്ചരയേക്കർ ഏലത്തോട്ടവും അതിനുള്ളിലെ കെട്ടിടവുമാണ് റവന്യൂ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ കണ്ടുകെട്ടിയത്. മലകയറുമോ ദൗത്യമെന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന കയ്യേറ്റമാണ് സർക്കാർ ദൗത്യസംഘം ആദ്യം തന്നെ പിടിച്ചെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് ബിഗ് ഇംപാക്ട്.

മൂന്നാ‍ർ കയ്യേറ്റം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ഇടുക്കി ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുളള ദൗത്യസംഘം കയ്യേറ്റമൊഴിപ്പിക്കൽ തുടങ്ങിയത്. ചിന്നക്കനാൽ വില്ലേജിൽ സിങ്കുക്കണ്ടത്തിനടുത്ത് ആനയിറങ്കൽ ഡാമിന്‍റെ ക്യാച്മെന്‍റ് ഏരിയയോട് പറ്റിച്ചേർന്നുകിടക്കുന്ന അഞ്ചരയേക്ക‍ർ ഏലത്തോട്ടത്തിലെ കയ്യേറ്റമാണ് ദൗത്യസംഘം ഒഴിപ്പിച്ചത്. തോള്ളത്തിലുണ്ടായിരുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ താമസിച്ചിരുന്നു. പൊലീസിന്‍റെ സഹായത്തോടെ ഇവരെ പുറത്തിറക്കി. തുടർന്ന് കെട്ടിടം സീൽ ചെയ്തു. ഇതിനുപിന്നാലെയാണ് അഞ്ചരയേക്കർ ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടി തുടങ്ങിയത്. സർക്കാ‍ർ ഭൂമി കൈവശം വെച്ചിരുന്ന അടിമാലി സ്വദേശിയെ വിളിച്ചുവരുത്തി ഭൂമി സർക്കാ‍ർ ഏറ്റെടുക്കുകയാണെന്ന് അറിയിച്ചു. തുടർന്ന് സർക്കാർ ഭൂമിയെന്ന് വ്യക്തമാക്കുന്ന ബോർഡും റവന്യൂ വകുപ്പ് സ്ഥാപിച്ചു.

Also Read: ജെസിബിയും കരിമ്പൂച്ചകളുമല്ല ദൗത്യത്തിന്‍റെ മുഖമുദ്ര; സിനിമാറ്റിക്ക് ആക്ഷൻ പ്രതീക്ഷിക്കേണ്ടെന്ന് റവന്യുമന്ത്രി

സർക്കാ‍ർ ഭൂമി തന്നെയാണെന്നും മാധ്യമങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നാണ് ഇപ്പോഴത്തെ നടപടിയെന്നുമായിരുന്നു ഭൂമി കൈവശം വെച്ചിരുന്ന അടിമാലി സ്വദേശിയുടെ നിലപാട്. ആദ്യ മൂന്നാ‍ർ ദൗത്യത്തിലേതുപോലെ തുടർച്ചയായ കയ്യേറ്റം ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്നും നിയമനടപടിക്രമങ്ങൾ പൂ‍ർത്തിയാകുന്ന മുറയ്ക്ക് നടപടികൾ തുടരുമെന്നും ദൗത്യസംഘം അറിയിച്ചു. മൂന്നാർ കയ്യേറ്റങ്ങൾ തിരിച്ചുപിടിയ്ക്കാനുളള നടപടികൾ തുടങ്ങിയതായി അടുത്ത ദിവസം തന്നെ സർക്കാർ ഹൈക്കോടതിയെ അറിയിക്കും. എന്നാൽ ദൗത്യസംഘത്തിന്‍റെ ഇപ്പോഴത്തെ ശുഷ്കാന്തി വൻകിട കയ്യേറ്റങ്ങളിലേക്കെത്തുമ്പോൾ അതേപടി ഉണ്ടാകുമോയെന്നാണ് കണ്ടറിയേണ്ടത്.

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്