ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ അനുമതിയില്ലാതെ കെട്ടിടം നിർമിച്ചത് കണ്ടെത്തിയത് പിന്നാലെയാണ് മൂന്നാറിലെ കൂടുതൽ കയ്യേറ്റങ്ങൾ പുറത്ത് വരുന്നത്. 

ഇടുക്കി: ലോക്ക് ഡൗണിന്‍റെ മറവിൽ മൂന്നാറിൽ കയ്യേറ്റങ്ങൾ വ്യാപകമാകുന്നു. ദേവികുളത്ത് റവന്യൂഭൂമി കയ്യേറി നി‍ർമിച്ച കെട്ടിടങ്ങൾ റവന്യൂ വകുപ്പ് പൊളിച്ച് നീക്കി. പരാതികളുടെ അടിസ്ഥാനത്തിൽ കയ്യേറ്റം കണ്ടെത്താനുള്ള ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് പുന‍ർവിന്യസിച്ചു.

ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ അനുമതിയില്ലാതെ കെട്ടിടം നിർമിച്ചത് കണ്ടെത്തിയത് പിന്നാലെയാണ് മൂന്നാറിലെ കൂടുതൽ കയ്യേറ്റങ്ങൾ പുറത്ത് വരുന്നത്. ലോക്ക് ഡൗണിൽ കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങൾക്കായി സ്പെഷ്യൽ റവന്യൂ വകുപ്പ് ജീവനക്കാരെ നിയോഗിച്ചിരുന്നു. ഇതോടെ കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി എടുക്കേണ്ട ഉദ്യോഗസ്ഥർ മറ്റുജോലികളിൽ വ്യാപൃതരായി. ഈ സാഹചര്യം മുതലെടുത്തായിരുന്നു ഒരിടവേളക്ക് ശേഷമുള്ള കയ്യേറ്റ ശ്രമങ്ങൾ.

ആരോഗ്യ വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ ടി മണിയുടെ ദേവികുളത്തെ കയ്യേറ്റം കഴിഞ്ഞ ദിവസം കണ്ടെത്തി തടഞ്ഞിരുന്നു. റവന്യൂ രേഖകളിൽ തിരുത്തൽ വരുത്തി മണിയ്ക്ക് കൈവശാവകാശ രേഖ നൽകിയ മുൻ തഹസിൽദാർക്ക് എതിരെ നടപടി ശുപാർശ ചെയ്ത് റവന്യൂവകുപ്പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയെന്നാണ് സൂചന. അനുമതി തേടാതെ രണ്ടാംനില പണിത എസ് രാജേന്ദ്രൻ എംഎൽഎയ്ക്ക് എതിരായ അന്വേഷണവും പുരോഗമിക്കുകയാണ്.

Also Read: ദേവികുളം എംഎൽഎയുടെ മൂന്നാറിലെ അനധികൃത വീട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

"