പാലക്കാട് മേഖലയില്‍ ഏറെ സ്വാധീനമുള്ള നേതാവിനെ ഇനിയും മാറ്റി നിര്‍ത്താന്‍ സാധിക്കുമോ എന്ന പ്രശ്നം അണികള്‍ ഉയര്‍ത്തുന്നുണ്ട്. 

പാലക്കാട്: ഡിവൈഎഫ്ഐ വനിതാ ജില്ല കമ്മിറ്റി അംഗത്തിന്‍റെ ലൈംഗിക പീഡന ആരോപണത്തില്‍ സിപിഎം അച്ചടക്ക നടപടിയുടെ കാലാവധി അവസാനിച്ചതോടെ പികെ ശശി ഏത് സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന ചര്‍ച്ച കൊഴുക്കുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്‍റുമായിരുന്ന പികെ ശശിക്കെതിരെ രണ്ടാമത്തെ ശിക്ഷ നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചത്. നിലവില്‍ പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി പാലക്കാട് സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ സാഹചര്യത്തിലാണ് പികെ ശശി വിഷയം വീണ്ടുമുയരുന്നത്.

സാധാരണയായി പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്‍റ് ചെയ്താല്‍ പഴയ സ്ഥാനത്തേക്ക് തിരികെയെത്തുന്നത് സിപിഎമ്മില്‍ പതിവില്ല. എന്നാല്‍, പാലക്കാട് മേഖലയില്‍ ഏറെ സ്വാധീനമുള്ള നേതാവിനെ ഇനിയും മാറ്റി നിര്‍ത്താന്‍ സാധിക്കുമോ എന്ന പ്രശ്നം അണികള്‍ ഉയര്‍ത്തുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ശശിക്ക് സ്വാധീനമുള്ള മണ്ണാര്‍ക്കാട്, ഷൊറണൂര്‍, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് ലഭിച്ച വോട്ടില്‍ ഗണ്യമായ ഇടിവുവന്നിരുന്നു. എംബി രാജേഷിന്‍റെ തോല്‍വിയില്‍ പാര്‍ട്ടിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. പികെ ശശിക്കെതിരെയുള്ള പരാതിക്ക് പിന്നില്‍ രാജേഷായിരുന്നുവെന്ന് അണിയറ സംസാരങ്ങള്‍ സജീവമായിരുന്നു.

അതേസമയം, ജില്ല സെക്രട്ടറിയേറ്റ് അംഗമെന്ന പഴയ സ്ഥാനത്തേക്ക് പികെ ശശി തിരിച്ചെത്തിയാല്‍ വ്യാപക വിമര്‍ശനമേല്‍ക്കേണ്ടി വരും. ശശിക്കെതിരായ സസ്പെന്‍ഷന്‍ നടപടി കണ്ണില്‍ പൊടിയിടലാണെന്ന വിമര്‍ശനം ആദ്യം തന്നെ ഉയര്‍ന്നിരുന്നു. പരാതിക്കാരിയും എതിര്‍പ്പുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. പികെ ശശി പഴയ സ്ഥാനത്തേക്ക് തിരിച്ചെത്തില്ലെന്ന ഉറപ്പിലാണ് പരാതിക്കാരി നിയമനടപടിയില്‍നിന്ന് പിന്മാറിയത്. പികെ ശശി ഏത് ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നടപടിയെടുത്ത സംസ്ഥാന കമ്മിറ്റിക്ക് തീരുമാനിക്കാം.

കഴിഞ്ഞ നവംബര്‍ 26നാണ് ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്‍റ് ചെയ്തത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ സംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ശശിക്കെതിരെയാ നടപടി. മണ്ണാര്‍ക്കാട് ജില്ലാ സമ്മേളനം നടക്കുന്ന സമയം ഏരിയകമ്മിറ്റി ഓഫിസിനുള്ളില്‍നിന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഫോണിലൂടെ നിരവധി തവണ അശ്ലീലമായി സംസാരാച്ചുവെന്നുമായിരുന്നു യുവതി കേന്ദ്ര കമ്മിറ്റിക്ക് പരാതി നല്‍കിയത്. പരാതി സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും അന്വേഷണത്തിന് പികെ ശ്രീമതി, എകെ ബാലന്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ലൈംഗിക പീഡന പരാതിയില്‍ കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് യുവതി വീണ്ടും കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും ചര്‍ച്ച ചെയ്താണ് ശശിയെ സസ്പെന്‍റ് ചെയ്യാന്‍ തീരുമാനിച്ചത്.

ശബരിമല വിഷയം കത്തിനില്‍ക്കെ സിപിഎം നവോത്ഥാന പ്രചാരണം നടത്തുന്നതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗത്തിനെതിരെ ആരോപണമുയര്‍ന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. ആരോപണം നേരിടുന്ന ശശിയുമായി അന്വേഷണ കമ്മീഷന്‍ അംഗം എകെ ബാലന്‍ വേദി പങ്കിട്ടതും അനുകൂലിച്ച് സംസാരിച്ചതും വിവാദമായിരുന്നു. വനിതാ മതിലിനോടനുബന്ധിച്ച് മണ്ഡലങ്ങളില്‍ നടത്തിയ റാലിക്ക് ശശി നേതൃത്വം നല്‍കിയതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്തായാലും സസ്പെന്‍ഷന്‍ കഴിഞ്ഞതോടെ പാര്‍ട്ടിയിലും പുറത്തും പുതിയ കലഹത്തിനുള്ള വഴി കൂടിയാണ് തുറക്കുന്നത്. പരാജയത്തിന്‍റെ കയ്പ്പുനീര്‍ പേറുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ശശി വിഷയം കൈകാര്യം ചെയ്യുക എളുപ്പമാകില്ല.