തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എൻഫോഴ്സെമെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. അട്ടക്കുളങ്ങര, പൂജപ്പുര ജയിലുകളിലായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലുള്ള ശിവശങ്കരനിൽ നിന്നും കിട്ടിയ മൊഴികളുടെ വസ്തുത പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ.

ലൈഫ് മിഷൻ കരാറിലെ ഇടപാടും കൈക്കൂലിയായി മൊബൈൽ ഫോൺ നൽകിയതുമുൾപ്പടെയുള്ള കാര്യങ്ങളും ചോദിച്ചറിയുമെന്നാണ് വിവരം. ഇരുവരെയും ചോദ്യം ചെയ്യാൻ ഇന്നലെ എൻഐഎ കോടതി ഇഡിക്ക് അനുമതി നൽകിയിരുന്നു.

അതേ സമയം ലൈഫ് കരാർ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനിച്ചു. ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും. പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ വിജിലൻസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മറ്റ് ഫോണുകൾ കൂടി പിടിച്ചെടുക്കാനുള്ള നീക്കമാണ് വിജിലൻസ് നടത്തുന്നത്.