റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് വിദ്യാർത്ഥികൾ

കൊച്ചി: മനുഷ്യ സഹായം കൂടാതെ, സുരക്ഷിതമായി പുരയിടങ്ങളിലെ പുല്ലും കാടും വെട്ടാനാകുമോ? ഈ ചോദ്യത്തിന് പ്രായോഗിക ഉത്തരവുമായി എത്തിയിരിക്കുകയാണ് എൻജിനിയറിങ് വിദ്യാർത്ഥികൾ. നെല്ലിമറ്റം എംബിറ്റ്സ് എൻജിനിയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ചു. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്.

പെട്രോൾ, ഡീസൽ ഉപയോഗിക്കുന്ന പരമ്പരാഗത ഗ്രാസ് കട്ടറുകൾ സൃഷ്ടിക്കുന്ന കാർബൺ പുറന്തള്ളലും ശബ്ദ മലിനീകരണവും ഒഴിവാക്കി, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ശബ്ദരഹിത സംവിധാനമാണ് ഇത്. 12 വോൾട്ട് വീതം രണ്ട് ബാറ്ററികളും 20 വോൾട്ട് ബാറ്ററിയും ഉപയോഗിച്ചാണ് മെഷീൻ പ്രവർത്തിക്കുന്നത്. ഉപകരണത്തിലെ അഞ്ച് മോട്ടോറുകൾ ഇതിലൂടെ പ്രവർത്തിക്കുന്നു. മൈക്രോ കൺട്രോളർ അധിഷ്ഠിത നിയന്ത്രണ സംവിധാനം പ്രവർത്തന ഏകോപനവും വൈദ്യുത കാര്യക്ഷമതയും ഉറപ്പാക്കുന്നു.

അവസാന വർഷ വിദ്യാർത്ഥികളായ കാതറിൻ മറിയം പോൾ, ബേസിൽ ജോയ്, എ എസ് അൽഫാസ്, ജോസിയാ ജേക്കബ് എന്നിവർ അസോസിയേറ്റ് പ്രൊഫസർ ഡോ. തോമസ് ജോർജിന്റെ മാർഗനിർദേശത്തിൽ ചേർന്നാണ് ഉപകരണം വികസിപ്പിച്ചത്. 10 സെന്റ് സ്ഥലത്തെ പുല്ല് നീക്കം ചെയ്യാൻ ഏകദേശം 15 മിനിറ്റ് മതിയെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്.

YouTube video player