പാലക്കാട്: കല്ലേക്കാട് എആർ ക്യാംപിലെ പൊലീസുകാരൻ കുമാറിന്‍റെ ആത്മഹത്യക്ക് കാരണം ജാതിവിവേചനമെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം തുടങ്ങി. രാത്രി അട്ടപ്പാടിയിലെത്തി ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്ത അന്വേഷണ സംഘം, ഇന്ന് എ ആർ ക്യാംപിലെത്തി വിവരം ശേഖരിക്കും.

മൂന്ന് ദിവസം മുമ്പാണ് കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാംപിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് ഭാര്യ സജിനി വെളിപ്പെടുത്തിയിരുന്നു. കുമാറിനെ നഗ്നനാക്കി മർദ്ദിച്ചിരുന്നതായും സജിനി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതെത്തുടർന്നാണ് തൃശ്ശൂർ റേഞ്ച് ഡിഐജി അന്വേഷണത്തിനുത്തരവിട്ടത്. അന്വേഷണചുമതലയുളള പാലക്കാട് സ്പെഷ്യൽബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും അട്ടപ്പാടി കുന്നഞ്ചാള ഊരിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ക്യാംപിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന മൊഴി കുടുംബാംഗങ്ങൾ ആവർത്തിച്ചു.

എ ആർ ക്യാംപിലെ വിശദമായ അന്വേഷണത്തിന് ശേഷം ഉടൻ റിപ്പോർട്ട് റേഞ്ച് ഡിഐജിക്ക് കൈമാറുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി ആക്ഷൻ കൗൺസിൽ സമരത്തിനൊരുങ്ങുകയാണ്. അടുത്ത ദിവസം തന്നെ കുമാറിന്‍റെ കുടുംബാംഗങ്ങൾ ജില്ലാപൊലീസ് മേധാവിക്ക് പരാതി നൽകും.