Asianet News MalayalamAsianet News Malayalam

പാലായെ ചൊല്ലി മുന്നണിയിൽ ഒരു തർക്കവുമില്ല; മാണി സി കാപ്പൻ ഇടത് മുന്നണി വിടില്ലെന്ന് ഇപി ജയരാജന്‍

കാപ്പൻ്റെയടക്കം പരസ്യ പ്രസ്താവനകളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെങ്കിലും പാലായിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് എൻസിപി നിലപാട്. 

ep jayarajan about mani c kappan pala constituency
Author
Kottayam, First Published Jan 28, 2021, 2:06 PM IST

കോട്ടയം: മാണി സി കാപ്പൻ ഇടത് മുന്നണി വിടില്ലെന്ന് ഇ പി ജയരാജന്‍. പാലായെ ചൊല്ലി ഇടത് മുന്നണിയിൽ ഒരു തർക്കവുമില്ലെന്നും ജയരാജന്‍ പറഞ്ഞു. യുഡിഎഫിൽ നിന്ന് കൂടുതൽ പേർ മുന്നണിയിലെത്തും. ആരൊക്കെ വരുന്നുവോ അവരെയെല്ലാം സ്വാഗതം ചെയ്യുമെന്നും ഇടത് മുന്നണിയിൽ കൺഫ്യൂഷനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കാപ്പൻ്റെയടക്കം പരസ്യ പ്രസ്താവനകളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെങ്കിലും പാലായിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് എൻസിപി നിലപാട്. ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ പാലാ സീറ്റ് ഉയർത്താൻ എൻസിപി തയ്യാറെടുത്തെങ്കിലും സീറ്റ് വിഭജനം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. യോഗത്തിന് ശേഷം പുറത്തിറങ്ങി വന്ന എൻസിപി അദ്ധ്യക്ഷൻ ടി പി പീതാംബരൻ പാലാ സീറ്റിൽ അവകാശവാദം ആവർത്തിച്ചിരുന്നു. 

എന്നാല്‍, ശരദ് പവാറിന്‍റെ തീരുമാനം വൈകുന്നതും സംസ്ഥാന നേതൃത്വത്തെ കുഴപ്പിക്കുകയാണ്. എൽഡിഎഫ് ജാഥകളിൽ സഹകരിക്കാനാണ് എൻസിപിയുടെ നിലവിലെ തീരുമാനമെങ്കിലും ഒന്നിന് ദില്ലിയിൽ ശരത് പവാ‌ർ കേരള നേതാക്കളുമായി നടത്തുന്ന ചർച്ച പ്രധാനമാണ്. ഫെബ്രുവരി 13,14 തീയതികളിലാണ് എൽഡിഎഫ് ജാഥകൾ തുടങ്ങുന്നത്. ഫെബ്രുവരി 13ന് കാസർകോട് നിന്നുള്ള വടക്കൻമേഖലാ ജാഥ എ വിജയരാഘവനും 14 ന് എറണാകുളത്ത് നിന്നുള്ള തെക്കൻ മേഖലാ ജാഥ ബിനോയ് വിശ്വവും നയിക്കും. ജാഥകൾ ഫെബ്രുവരി 26ന് അവസാനിക്കും.

Follow Us:
Download App:
  • android
  • ios