Asianet News MalayalamAsianet News Malayalam

ഇനി ഒരു തിരിച്ചുവരവ് അസാധ്യം; പാർട്ടിക്ക് ഗുണവും ദോഷവുമുണ്ടാക്കിയ ഇപി ജയരാജൻ യുഗത്തിന് സിപിഎമ്മിൽ അന്ത്യം

അപ്പോഴും കൺവീനർ സ്ഥാനത്ത് നിന്ന് മാത്രമാണ് മാറ്റമുണ്ടായത്. കേന്ദ്ര കമ്മിറ്റി അംഗത്വം തുടരും. ഇവിടെയാണ് എല്ലാ കുറവുകൾക്കിടയിലും ഇപിയുടെ ത്യാഗസമ്പന്നമായ ജീവിതം പാര്‍ട്ടി ഓര്‍ക്കുന്നത്

EP Jayarajan era in Kerala CPIM nears end
Author
First Published Aug 31, 2024, 5:28 PM IST | Last Updated Aug 31, 2024, 5:28 PM IST

തിരുവനന്തപുരം: സമീപകാലത്തെ ഏറ്റവും ശക്തമായ തീരുമാനത്തിലൂടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ സിപിഎം രാഷ്ട്രീയത്തില്‍ ഇപി ജയരാജന്‍ യുഗത്തിന് തീരശീല വീഴുന്നു. എന്നും വിവാദങ്ങള്‍ക്കൊപ്പം നടന്ന ഇപി ജയരാജന്‍ ഒരേ സമയം തന്നെ പാര്‍ട്ടിക്ക് ഗുണവും ദോഷവുമുണ്ടാക്കി. ആക്ഷേപങ്ങളെയെല്ലാം കശക്കിയെറിഞ്ഞ് വിജയിയായി നിന്ന ഇപിക്ക് ബിജെപി ബാന്ധവത്തിന്‍റെ പേരിലാണ് പടിയിറങ്ങേണ്ടി വരുന്നത്.

ഇപി ജയരാജന്‍ സിപിഎം രാഷ്ട്രീയത്തില്‍ എന്നും ഒരു പ്രത്യേക സമസ്യയായിരുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാല്‍ കണ്ണൂരിലെ പ്രമുഖന്‍. ജയരാജ ത്രയത്തിൽ മുഖ്യന്‍. ഇപി ജയരാജൻ കമ്മ്യൂണിസ്റ്റാണോ എന്ന ചോദിച്ചാല്‍ കടുത്ത കമ്മ്യൂണിസ്റ്റാണ്. അതേസമയം തന്നെ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഏറ്റവും വലിയ വക്താവുമായിരുന്നു. മുതലാളിമാരില്‍ നിന്ന് പണം പിരിക്കുന്നതില്‍ ഇപിക്ക് സ്വന്തം ശൈലി തന്നെയുണ്ട്. അവിടെ മാര്‍ഗമല്ല ലക്ഷ്യം മാത്രമാണ് ഇപിയുടെ ഉന്നം. അതിനാല്‍ തന്നെ സിപിഎമ്മിലെ തന്‍റെ വളര്‍ച്ചക്കൊപ്പം ജയരാജനെ ചുറ്റിപ്പറ്റി വിവാദങ്ങളും പെരുകി വന്നു.

കട്ടന്‍ചായയും പരിപ്പുവടയും തിന്ന് ജിവിതം തള്ളിനീക്കുന്ന കാലമൊക്കെ കഴി‍ഞ്ഞെന്ന് പരസ്യമായി പറഞ്ഞ് ഇപിയും എരിതീയിൽ എണ്ണയൊഴിച്ചു. ഒരര്‍ത്ഥത്തിൽ എല്ലാ കാലത്തും ഇപി വിവാദങ്ങളെ സ്നേഹിച്ചിരുന്നു. ദേശാഭിമാനി ബോണ്ട് വിവാദം, ഭൂമി ഇടപാട്, റിസോര്‍ട് വിവാദം, ബന്ധു നിയമന വിവാദം, വിഎസ്-പിണറായി വിഭാഗീത കാലത്ത് പ്രായം പോലും നോക്കാതെ വിഎസിനെ പലവട്ടം പരിഹസിച്ചത് അടക്കം വിവാദ പെരുമഴ ഉണ്ടാക്കിയിട്ടുണ്ട് ഇദ്ദേഹം. പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന സ്ഥാനം എല്ലാ കാലത്തും ഇപിക്ക് തുണായായി. എന്നാൽ പിണറായി വിജയൻ തന്നെ ഇപിയെ കൈവിടുന്നതാണ് സിപിഎം രാഷ്ട്രീയം പിന്നീട് കണ്ടത്. 

ഒരു ഘട്ടത്തിൽ എസ്എൻസി ലാവ്ലിൻ കേസിൽ പിണറായിക്ക് എതിരെ ഇപി ജയരാജൻ ചില നീക്കങ്ങൾ നടത്തിയെന്നും വിമർശനം ഉണ്ടായി. കോടിയേരിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും സ്വപ്നം കണ്ട ഇപിക്ക് എംവി ഗോവിന്ദന്‍റെ സ്ഥാന ലബ്‌ധി വലിയ തിരിച്ചടിയായി. ഇപിയുടെ ആഡംബര ജീവിതമല്ല എംവി ഗോവിന്ദന്റെ ആദര്‍ശ രാഷ്ട്രീയമാണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിച്ചതോടെ ഇപി ജയരാജൻ്റെ പതനം തുടങ്ങി. തുടര്‍ന്നാണ് ബിജെപി നേതാവ് ജാവ്ദേക്കറുമായി നടത്തി കൂടിക്കാഴ്ചയും വിവാദങ്ങളും പുറത്തുവന്നത്.

ഒരു വര്‍ഷമായി ഇപി ജയരാജൻ പാര്‍ട്ടിയുമായി സ്വരചേര്‍ച്ചയിലല്ല. റിസോര്‍ട് വിവാദം ഇപിയെ പിടിച്ചു കുലുക്കി. ബിജെപി ബന്ധം പുറത്തേക്കുള്ള വഴി തെളിച്ചു. അപ്പോഴും കൺവീനർ സ്ഥാനത്ത് നിന്ന് മാത്രമാണ് മാറ്റമുണ്ടായത്. കേന്ദ്ര കമ്മിറ്റി അംഗത്വം തുടരും. ഇവിടെയാണ് എല്ലാ കുറവുകൾക്കിടയിലും ഇപിയുടെ ത്യാഗസമ്പന്നമായ ജീവിതം പാര്‍ട്ടി ഓര്‍ക്കുന്നത്. എന്നാൽ ഇനി ഒരു തിരിച്ച് വരവ് അസാധ്യവുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios