തിരുവനന്തപുരത്ത് ഗവർണർക്കെതിരായ രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നത് ആരോഗ്യം മോശമായതിനാലാണെന്ന് വിശദീകരണം

കണ്ണൂർ: അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരായ തിരുവനന്തപുരത്ത് ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്ന് മുന്നണി കൺവീനർ ഇപി ജയരാജൻ. ഇദ്ദേഹത്തിന്റെ അസാന്നിധ്യം വാർത്തയായതിനെ തുടർന്ന് സ്വന്തം വീട്ടിൽ മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി വാർത്താ സമ്മേളനം നടത്തി കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് പ്രസ്ഥാവനയിൽ കെ സുധാകരനെ വിമർശിച്ച അദ്ദേഹം തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ, ഇപ്പോഴത്തെ സമരങ്ങൾ പൊലീസിന്റെ ജോലി തടസപ്പെടുത്താനേ സഹായിക്കൂവെന്നും പറഞ്ഞു.

YouTube video player

ചികിത്സാർത്ഥം തനിക്ക് പാർടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിശ്ചയിച്ച ചില പരിപാടികളിൽ ചികിത്സയ്ക്കിടെ പങ്കെടുത്തു എന്നു മാത്രമേയുള്ളൂ. എന്നാൽ ഇത് ആരോഗ്യ നില കൂടുതൽ വഷളാക്കി. തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് പാർട്ടി സെക്രട്ടറി ചോദിച്ചിരുന്നു. തിരുവനന്തപുരത്ത് പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നതിനാൽ തന്റെ അസാന്നിധ്യം ഒരു പ്രശ്നമായി വരില്ല എന്ന് കരുതി. കണ്ണൂരിലെ പ്രതിഷേധത്തിൽ പാർടി പിബി അംഗം എംഎ ബേബി ഉണ്ടായിരുന്നു. അതിനാൽ പിന്നെ പങ്കെടുക്കേണ്ടതില്ലല്ലോ എന്ന് കരുതി.

പ്രായം കൂടി വരുന്നതും ഒരു പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദം അടിസ്ഥാന രഹിതമായ ആരോപണമാണ്. പാർട്ടി ജില്ല സെക്രട്ടറിക്ക് പാർട്ടി അംഗം കത്ത് അയക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നിയമ വിരുദ്ധമായി ഒരു കാര്യവും അവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടത്ത് തപ്പുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടിക്കാർ തൊഴിലിനായി നേതാക്കൾക്ക് കത്ത് എഴുതുന്നത് സ്വാഭാവികമാണ്. കത്തിന്റെ അടിസ്ഥാനത്തിൽ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ജോലി സഹായത്തിനായി തനിക്കും ഒരുപാട് കത്ത് വരാറുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തിടത്തോളം ഇവയൊന്നും വിവാദമാക്കേണ്ടതില്ല. പൊലീസിന്റെ സമയം കളയുക മാത്രമാണ് ഇപ്പോഴത്തെ സമരം കൊണ്ടുളള പ്രയോജനം. 

തന്നെ ആക്രമിക്കാനും സുധാകരൻ ആർ എസ് എസുകാരെയാണ് അയച്ചതെന്ന് ഇപി കുറ്റപ്പെടുത്തി. കോൺഗ്രസിനെ ആർ എസിന്റെ കയ്യിൽ എത്തിക്കലാണ് സുധാകരന്റെ ദൗത്യം. ന്യൂനപക്ഷത്തിന് കോൺഗ്രസിൽ രക്ഷയില്ല. മുസ്ലിം ലീഗ് ലീഗ് ശരിയായ നിലപാട് സ്വീകരിക്കണം എന്നാണ് പറയാനുള്ളതെന്നും ഇപി ജയരാജൻ പറഞ്ഞു.

കെ സുധാകരൻ ബിജെപിയിൽ ചേരാൻ ചർച്ചയ്ക്കായി ചെന്നൈ വരെ പോയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാർടി തഴയുന്നത് കൊണ്ട് താൻ സമരത്തിൽ നിന്ന് മാറിനിന്നുവെന്ന പ്രചാരണം തെറ്റാണ്. പിബി അംഗം എന്ന നിലയിൽ ചുമതല നിർവഹിക്കാൻ തനിക്ക് കഴിയില്ല. പ്രായം കൂടി വരുന്ന കാര്യം താൻ മനസിലാക്കുന്നു. പി ബി അംഗത്വത്തിന് അനുയോജ്യൻ എം വി ഗോവിന്ദൻ തന്നെയാണ്. തനിക്ക് അതൃപ്തിയുണ്ടെന്നത് ചിലരുടെ വക്രദൃഷ്ടിയിൽ ഉണ്ടാകുന്ന ഭാവന മാത്രമാണ്.