ഇപി ജയരാജൻ പ്രതിഷേധത്തില്‍,ക്ഷണിച്ചിട്ടും കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ പങ്കെടുത്തില്ല.
ഒരതൃപ്തിയുമില്ലെന്ന് ജില്ലാ സെക്രട്ടറി ,വീട്ടിൽ പോയാൽ ഇപിയെ കാണാമെന്നും എം.വി.ജയരാജന്‍.
കണ്ണൂര്‍: പാർട്ടിയോട് പ്രതിഷേധം തുടർന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ. ക്ഷണിച്ചിട്ടും കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ പി പങ്കെടുത്തില്ല.അതൃപ്തിയില്ലെന്നും ചികിത്സയിലെന്നുമാണ് ഇപി വിട്ടുനിന്നതിനെക്കുറിച്ച് എം.വി.ജയരാജൻ പ്രതികരിച്ചത്.
ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇപി ജയരാജന് നിശ്ചയിച്ച ആദ്യ പാർട്ടി പരിപാടി പയ്യാമ്പലത്ത്. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെ ഓർമദിനത്തിൽ പുഷ്പാർച്ചന.പിബി അംഗം എ വിജയരാഘവനൊപ്പം ഇപിയും പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. എന്നാൽ ഇപി എത്തിയില്ല. ഒരാഴ്ചയിലേറെയായി തുടരുന്ന മൗനത്തിന്‍റെ ആഴം കൂട്ടി വിട്ടുനിൽക്കൽ. ഒരതൃപ്തിയുമില്ലെന്ന് ജില്ലാ സെക്രട്ടറി. വീട്ടിൽ പോയാൽ ഇപിയെ കാണാമെന്നും എം.വി.ജയരാജൻ പറഞ്ഞു.
ജാവദേക്കർ കൂടിക്കാഴ്ചയുടെ പേരിൽ മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നില്ല. ഗൂഢാലോചന നടത്തി അവഹേളിച്ച് മാറ്റിനിർത്തിയെന്ന വികാരത്തിൽ, പാർട്ടിയോട് പരസ്യപ്രതിഷേധമെന്ന സൂചന പയ്യാമ്പലത്തും നൽകി ഇപി. ആത്മകഥയെഴുതുമെന്നൊഴിച്ചാൽ ഒരു പ്രതികരണവും ഇതുവരെയില്ല. സജീവരാഷ്ട്രീയം തുടരുമോ എന്നതും സസ്പെൻസാണ്