മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യപിതാവിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപാലിയിലെ തടയണ പൊളിച്ചു നീക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരെ സര്‍ക്കാര്‍ സ്ഥലംമാറ്റി. ഏറനാട് തഹസില്‍ദാര്‍ പി.ശുഭനെയാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് നിയമനം. 

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അടിയന്തരമായി കോഴിക്കോടെത്തി ചുമതലയേല്‍ക്കണമെന്ന് സ്ഥലം മാറ്റ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലത്ത് നിന്നും പ്രമോഷനോടെയാണ് പി.ശുഭന്‍ ഏറനാട് തഹസില്‍ദാരായി നിയമിതനായത്. അതേസമയം ഇന്നും കക്കാടാംപൊയിലിലേക്ക് പോകുമെന്നും തടയണ പൊളിച്ചു നീക്കല്‍ നടപടികള്‍ തുടരുമെന്നും പി.ശുഭന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇന്നലെ ആരംഭിച്ച പൊളിച്ചു നീക്കല്‍ നടപടികള്‍ ഇന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടു വന്ന് വേഗത്തിലാക്കുമെന്ന് ഇന്നലെ തഹസില്‍ദാര്‍ അറിയിച്ചിരുന്നു. ഇടക്കിടെ പെയ്യുന്ന മഴ പ്രവർത്തികൾക്ക് തടസമുണ്ടാക്കുന്ന സാഹചര്യത്തില്‍. പ്രതീക്ഷിച്ച വേഗതയിൽ പൊളിച്ചുമാറ്റൽ നടക്കുന്നില്ലെങ്കിൽ രാത്രിയിലും പൊളിച്ചു നീക്കല്‍ തുടരാന്‍ റവന്യു ഉദ്യോഗസ്ഥർ ആലോചിച്ചു വരികയായിരുന്നു. ഈ വിഷയത്തിൽ ഇന്ന് മലപ്പുറം ജില്ലാ കളക്ടർ തീരുമാനമെടുക്കാനിരിക്കെയാണ് പൊളിച്ചു നീക്കല്‍ നടപടിക്ക് നേതൃത്വം നല്‍കുന്ന തഹസില്‍ദാരെ സ്ഥലംമാറ്റിയിരിക്കുന്നത്.