Asianet News MalayalamAsianet News Malayalam

ആദായ നികുതി വകുപ്പിനെതിരെ സിറോ മലബാര്‍ സഭ; പിഴയടക്കണമെന്ന നോട്ടീസിനെതിരെ അപ്പീല്‍ നല്‍കും

വിവാദ ഭൂമി ഇടപാടിൽ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീൽ നൽകും. ഭൂമിയുടെ മൂല്യം കുറച്ച് കാണിച്ചതിൽ പങ്കില്ലെന്ന് അതിരൂപത.

ernakulam angamaly arch diocese against income tax department notices
Author
Kochi, First Published Apr 2, 2019, 11:34 AM IST

കൊച്ചി: വിവാദ ഭൂമി ഇടപാടിൽ രണ്ട് കോടി എൺപത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്‍റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീൽ നൽകും.  ഭൂമിയുടെ  മൂല്യം കുറച്ച് കാണിച്ചതിൽ അതിരൂപതയ്ക്ക്  പങ്കില്ലെന്നാണ് അറിയിക്കുക. ഇതിനിടെ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചരിക്കെതിരായി  വ്യാജരേഖ നിർമ്മിച്ച  കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാടും ഹൈക്കോടതിയെ സമീപിച്ചു. 

എറണാകുളം അങ്കമാലി അതിരൂപതയുടെ തൃക്കാക്കരയിലുള്ള 60 സെന്‍റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ കോടികളുടെ നികുതി വെട്ടിപ്പ് ഉണ്ടായെന്നും 2,85 ലക്ഷം രൂപ പിഴയടക്കണമെന്നുമായിരുന്നു ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. ആദ്യ ഘട്ടമായി 50 ലക്ഷം രൂപ കഴിഞ്ഞ ദിവസം സാമ്പത്തിക ചുമതല വഹിക്കുന്ന ഫാദർ സെബാസ്റ്റ്യൻ മാനിക്കത്താൻ ആദായ നികുതി വകുപ്പിന് കൈമാറി. എന്നാൽ നികുതി വെട്ടിപ്പ്  സഭയിൽ പുതിയ വിവാദത്തിന് തുടക്കമിട്ടതോടെയാണ് അപ്പീൽ നൽകാൻ  നേതൃത്വം തീരുമാനിച്ചത്. സഭയുടെ ഭൂമി മൂല്യം കുറച്ച് കാണിച്ച് വിൽപ്പന നടത്തിയതിനെക്കുറിച്ച് സഭാ നേതൃത്വത്തിന് അറിവില്ലെന്നാണ് ആദായ നികുതി വകുപ്പിനെ അറിയിക്കുക. 

വ്യക്തികൾ അത്തരത്തിൽ ഭൂമി മറിച്ചുവിറ്റെങ്കിൽ അതിൽ സഭയ്ക്ക് പങ്കില്ല. അഭിഭാഷകരുമായി ആലോചിച്ച് വരും ദിവസം തന്നെ ഇക്കാര്യത്തിൽ അപ്പീൽ നൽകാനാണ് തീരുമാനം. വിവാദമായ ഭൂമി വിൽപ്പനയെക്കുറിച്ച് വത്തിക്കാന്‍റെ നിർ‍ദ്ദേശപ്രകാരം സഭ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് നാളെ വത്തിക്കാന് കൈമാറാനിരിക്കുകയാണ്. ഇതിനിടയിലാണ് നികുതിവെട്ടിപ്പ് വിവാദം. അന്വേഷണ കമ്മീഷൻ റിപ്പോർട്ടുമായി ബിഷപ് ജേക്കബ് മനത്തോടത് ഇന്ന് പുലർച്ചെ വത്തിക്കാനിലേക്ക് പുറപ്പെട്ടു.  ഇതിനിടെ കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്ന കേസിൽ പ്രതികളായ അപ്പോസ്തലിക് അഡിമിനസ്ട്രേറ്റർ ബിഷപ് ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാടും ഹൈക്കോടതിയെ സമീപിച്ചു. 

തങ്ങളുടെ മുന്നിലെത്തിയ ചില രേഖകൾ കൂടുതൽ പരിശോധന നടത്തുന്നതിനായി സഭാ നേതൃത്വത്തിന് കൈമാറുകമാത്രമാണ്  ചെയ്തത്. വ്യാജ രേഖയുണ്ടാക്കിയതൽ പങ്കില്ല. അതിനാൽ എഫ്ഐആർ റദ്ദാക്കണമെന്നാണ് ഇരുവരും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടട്ടുള്ളത്. എന്നാൽ  വ്യാജ രേഖയുണ്ടാക്കിയവർക്കെതിരെ മാത്രമാണ് തങ്ങൾ പരാതി നൽകാൻ ഉദ്ദേശിച്ചതെന്നും  അപ്പോസ്തലിക് അഡിമിനിസ്ട്രേറർ അടക്കം പ്രതിയായത് സാങ്കേതി വീഴ്ചയാണെന്നും കർദ്ദിനാൾ അടക്കമുള്ളവരും പ്രതികരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios