ഒരു പില്ലറിലേക്ക് വിവിധ കാരണങ്ങളാൽ ഭാരം വന്നതിനാലാണ് തകര്‍ച്ചയുണ്ടായതെന്നും മറ്റു അഞ്ച് പില്ലറുകള്‍ ഭാരം താങ്ങിനിര്‍ത്തിയതിനാൽ അപകടം ഒഴിവായെന്നും സ്ട്രക്ചറൽ കണ്‍സള്‍ട്ടന്‍റ് എഞ്ചിനീയര്‍ അനിൽ ജോസഫ് പറഞ്ഞു

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ ഫ്ലാറ്റിന്‍റെ പില്ലര്‍ തകര്‍ന്നു. പില്ലര്‍ തകര്‍ന്ന ഫ്ലാറ്റ് ടവറിൽ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ ഇവിടെ നിന്നും മാറ്റി. പനമ്പള്ളി നഗറിലെ ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ലാറ്റിന്‍റെ ഒരു പില്ലറാണ് തകര്‍ന്നത്. സംഭവത്തിൽ ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷൻ എന്‍ജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സും സ്ഥലത്തുണ്ട്.

ഒരു പില്ലറിലേക്ക് വിവിധ കാരണങ്ങളാൽ ഭാരം വന്നതിനാലാണ് തകര്‍ച്ചയുണ്ടായതെന്നും മറ്റു അഞ്ച് പില്ലറുകള്‍ ഭാരം താങ്ങിനിര്‍ത്തിയതിനാൽ അപകടം ഒഴിവായെന്നും സ്ട്രക്ചറൽ കണ്‍സള്‍ട്ടന്‍റ് എഞ്ചിനീയര്‍ അനിൽ ജോസഫ് പറഞ്ഞു. പില്ലറിന് നേരത്തെ കേടുപാടുകളുണ്ട്. ആളുകള്‍ ഒഴിഞ്ഞുപോകുന്നതാണ് മുൻകരുതലെന്ന നിലയിൽ നല്ലത്. കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നും അനിൽ ജോസഫ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഹൈബി ഈഡൻ എംപിയും വാര്‍ഡ് കൗണ്‍സിലറും സ്ഥലത്തെത്തി. നിലവിൽ തകര്‍ന്ന പില്ലറുള്ള ഫ്ലാറ്റ് ടവറിൽ താമസിക്കുന്നവരെയാണ് മാറ്റിയത്. സമീപത്തെ ഫ്ലാറ്റിലുള്ളവരെ അടക്കം ഒഴിപ്പിക്കണോയെന്ന് പരിശോധനയ്ക്കുശേഷം മാത്രം തീരുമാനിക്കും. പാലാരിവട്ടം പാല നിര്‍മിച്ച കമ്പനിയാണ് ആര്‍ഡിഎസ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.

സുരക്ഷ കരുതിയാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ജില്ലാ കളക്ടറും കോർപ്പറേഷൻ അധികൃതരും തുടർനടപടികൾ സ്വീകരിക്കുമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് എറണാകുളം കളക്ടര്‍ എൻഎസ്കെ ഉമേഷ് പറഞ്ഞു. കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

YouTube video player