ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും ആത്മഹത്യയിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും.
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ രണ്ട് പെൺമക്കളുമായി ഷൈനി കുര്യാക്കോസ് ട്രെയിന് മുന്നിൽ ചാടി മരിക്കാൻ കാരണം ഭർത്താവ് നോബി ലൂക്കോസിന്‍റെ പീഡനമെന്ന് കുറ്റപത്രം. ആത്മഹത്യ പ്രരണകുറ്റം ചുമത്തിയ കേസിൽ നോബി ലൂക്കോസ് മാത്രമാണ് പ്രതി. അന്വേഷണ സംഘം ഉടൻ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
ഷൈനിയേയും മക്കളായ അലീനയേയും ഇവാനേയേയും മരണത്തിലേക്ക് തള്ളിവിട്ടതാണെന്നാണ് കുറ്റപത്രം. തൊടുപുഴയിലെ ഭർത്താവിന്‍റെ വീട്ടിൽ ഇറങ്ങിയിട്ടും നോബി ലൂക്കോസ് പിന്തുടർന്ന് ഉപദ്രവിച്ചു. നിരന്തരം ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്തു. ഷൈനിയും മക്കളും മരിക്കുന്നതിന് തലേന്ന്, അതായത് ഫെബ്രുവരി 27 ന് രാത്രിയിൽ നോബി ഫോണിൽ വിളിച്ച് ആക്രോശിച്ചു. മക്കളുമൊത്തു പോയി മരിക്കെന്നായിരുന്നു ഷൈനിയോട് നോബി പറഞ്ഞത്.
ഇതാണ് ആത്മഹത്യ ചെയ്യാനുള്ള പ്രകോപനമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഫോൺ വിളിച്ചത് സമ്മതിച്ച് നോബിയും മൊഴി നൽകിയിട്ടുണ്ട്. നോബിയുടെയും ഷൈനിയുടേയും മൊബൈൽ ഫോണുകൾ കേസിൽ നിർണായക തെളിവാണ്. ഇതു കൂടാതെ നാൽപ്പത്തിലധികം രേഖകളും കുറ്റപത്രത്തിനൊപ്പമുണ്ട്. ഷൈനിയുടെ മാതാപിതാക്കൾ, ഷൈനിയുടേയും നോബിയുടേയും മൂത്ത മകൻ, അന്ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ഓടിച്ച ലോക്കോപൈലറ്റ് തുടങ്ങിയവരടക്കം 56 സാക്ഷികളാണുള്ളത്.
നോബിയുടെ വൈദികനായ സഹോദരനെതിരെയും മാതാപിതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നാണ് ഷൈനിയുടെ കുടുംബത്തിന്‍റെ ആവശ്യം. ഷൈനിയുടേയും മക്കളുടേയും മരണത്തിന് പിന്നാലെ നോബിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം നോബി കോട്ടയം ജില്ലാ ജയിലിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ്.



