Asianet News MalayalamAsianet News Malayalam

'ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ': വി ടി ബൽറാം

ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്ന് വി ടി ബൽറാം

Even Ruling Party MLA Needs Gun to Save Life V T Balram about P V Anvar Application for Gun License
Author
First Published Sep 2, 2024, 1:18 PM IST | Last Updated Sep 2, 2024, 1:21 PM IST

തിരുവനന്തപുരം: പി വി അൻവർ എംഎൽഎ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയതിനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബൽറാം. ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്ന് ബൽറാം വിമർശിച്ചു. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം സമൂഹ മാധ്യമത്തിൽ കുറിച്ചു.

തന്‍റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചാണ് പി വി അൻവർ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയത്. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് താൻ മാനേജ് ചെയ്തോളാം എന്നായിരുന്നു അൻവറിന്‍റെ പ്രതികരണം.  

എഡിജിപി അജിത് കുമാറിനെതിരെ ഇന്നും ​ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

സോളാർ കേസ് അട്ടിമറിച്ചതിനെ കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ ഓഡിയോയാണ് എംഎൽഎ ഇന്ന് പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്ന് എംഎല്‍എ ആരോപിച്ചു. എഡിജിപി തിരുവനന്തപുരം കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ടെന്നും 15 കോടിക്കാണ് കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും പി വി അൻവർ ആരോപിച്ചു.

അജിത്ത് കുമാറിന്‍റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു. മുജീബ് എന്നയാളാണ് അജിത്ത് കുമാറിന്‍റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന സംഘത്തോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും നൽകുമെന്നും എംഎല്‍എ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios