Asianet News MalayalamAsianet News Malayalam

'ഓരോ ജീവനും വിലപ്പെട്ടതാണ്'; ഗണേഷ് കുമാർ നിർദേശിച്ചു, സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കി കെഎസ്ആർടിസി

കളത്തിപ്പടി വാഹനാപകടത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Every life is precious Minister Ganesh Kumar suggested and KSRTC prepares a comprehensive action plan to prevent road accidents
Author
First Published Apr 2, 2024, 12:20 PM IST

തിരുവനന്തപുരം: കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്‍റെ അപകട മരണത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയിൽ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിടിച്ച് കോട്ടയം കളത്തിപ്പടിയിൽ വെച്ചാണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചത്. കെഎസ്ആർടിസി  സിഎംഡിയുടെ നിർദേശ പ്രകാരം  വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. തുടർന്നാണ് ഡ്രൈവർ ബ്രിജേഷിനെ കെഎസ്ആർടിസി സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്.

കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം സമഗ്രമായ കർമ പദ്ധതി തയ്യാറാക്കി. കെഎസ്ആർടിസി ചെയർമാൻ ആന്‍റ് മനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറിന്‍റെ നേതൃത്വത്തിലാണ് കർമ പദ്ധതി തയ്യാറാക്കിയത്. യൂണിറ്റ് തല ആക്സിഡന്റ് സമിതി രൂപീകരിച്ച് എല്ലാ ശനിയാഴ്ചകളിലും  ആക്സിഡന്റ്  സംബന്ധമായ വിഷയങ്ങൾ വിലയിരുത്തും. യൂണിറ്റധികാരി, ഗാരേജ് തലവൻ, വെഹിക്കിൾ സൂപ്പർവൈസർ, ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ, മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥൻ, സ്യൂട്ട് ക്ലാർക്ക് എന്നിവരടങ്ങുന്നതാണ് യൂണിറ്റ് തല ആക്സിഡന്‍റ് സമിതി. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച ചീഫ് ഓഫീസ് തലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള ആക്സിഡന്റ് സമിതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിക്കും. മരണം സംഭവിക്കുന്ന അപകടങ്ങളും വലിയ അപകടങ്ങളും ഉണ്ടാക്കുന്ന യൂണിറ്റുകളിലെ യൂണിറ്റോഫീസർ, ഗ്യാരേജ് അധികാരി, ജനറൽ സി ഐ എന്നിവർ നേരിട്ട് ചീഫ് ഓഫീസ് തല ആക്സിഡന്റ് സമിതിക്ക് മുൻപാകെ ഹാജരായി വിവരങ്ങൾ ബോധ്യപ്പെടുത്തേണ്ടതും തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ രൂപപ്പെട്ട ന്യൂനമർദം; കള്ളക്കടലിന് ശാസ്ത്രീയ വിശദീകരണമിതാ...

അപകടങ്ങള്‍ ഒഴിവാക്കാൻ ചില മുൻകരുതകൾ അടിയന്തരമായി കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിലെ മുഴുവൻ കണ്ടക്ടർ ഡ്രൈവർ വിഭാഗങ്ങൾക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട  പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കും.റോഡപകടത്തിനു കാരണമാകുന്ന തരത്തിലുള്ള തകരാൻ വാഹനങ്ങൾക്കുണ്ടോ എന്ന് സർവ്വീസ് തുടങ്ങുന്നതിന് മുൻപ് തന്നെ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി തുടരും. ഒരു  മാസം കൊണ്ട് കേരളത്തിലെ എല്ലായൂണിറ്റുകളിലെയും മുഴുവൻ ബസുകളും സൂപ്പർ ചെക്ക് ചെയ്ത് കുറ്റമറ്റതാക്കും.ഫ്രണ്ട് ഗ്ലാസ് വിഷൻ, റിയർ വ്യൂ മിറർ, എല്ലാ ലൈറ്റുകളും ഹോണുകളും വൈപ്പറുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കും. ഡോർ ലോക്കുകൾ ഡോറിൻ്റെ പ്രവർത്തനം എന്നിവ പരിശോധിക്കും. ഡാഷ് ബോർഡ് ക്യാമറകൾ  പ്രവർത്തനക്ഷമമാക്കും. ബസുകളുടെ റണ്ണിംഗ് ടൈം  പരിശോധിച്ച് അപാകത പരിഹരിക്കും.

വേഗപരിധി  ബസുകളിൽ കൃത്യമായി ക്രമീകരിക്കും. യൂണിറ്റ് തലത്തിൽ  ചുമതലപ്പെടുത്തിയിട്ടുള്ള  യൂണിറ്റ്തല ആക്സിഡന്റ് സമിതി നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ മാറ്റങ്ങൾ ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios