ബലാത്സംഗക്കേസിൽ അറസ്റ്റിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു
പാലക്കാട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കിയ ശേഷം മാവേലിക്കര ജയിലിലേക്ക് മാറ്റി. ജയിലിന് മുന്നിൽ യുവമോർച്ച പ്രവത്തകർ പ്രതിഷേധിക്കുകയും മുട്ടയെറിയുകയും ചെയ്തു. പിന്നാലെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രാഹുലിനെ അയോഗ്യനാക്കണം എന്നാവശ്യം
ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്പീക്കർക്ക് പരാതി ലഭിച്ചിരുന്നു. ഡികെ മുരളി എംഎൽഎയാണ് പരാതി നൽകിയത്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയായതിനാൽ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നാണ് പരാതി. പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആൻറ് എത്തിക്സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കർതീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടർനടപടി. സങ്കീർണ്ണമായ നടപടിക്രമങ്ങളുള്ളതിനാലും 20 ന് തുടങ്ങുന്ന ഈ സർക്കാറിൻറെ അവസാന സമ്മേളനത്തിൽ അധികം ദിവസങ്ങൾ ഇല്ലാത്തതിനാലും അയോഗ്യതയിൽ തീരുമാനമുണ്ടാകുമോ എന്ന് വ്യക്തമല്ല.
രാഹുൽ മത്സരിച്ചാൽ കോണ്‍ഗ്രസിനെ ബാധിക്കില്ല
പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളിയോട് പ്രതികരിച്ച് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. രാഹുൽ സ്വതന്ത്രനായി മത്സരിച്ചാലും കോൺഗ്രസിനെ ബാധിക്കില്ലെന്ന് എ തങ്കപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാലക്കാട് യുഡിഎഫ് മികച്ച വിജയം നേടും. രാഹുൽ നേരത്തെ വിജയിച്ചത് യുഡിഎഫ് വോട്ടുകൾ കൊണ്ടാണ്. രാഹുൽ മാങ്കൂട്ടത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കരുതുന്നില്ല. മത്സരിക്കരുതെന് പറയാൻ കോൺഗ്രസിനാകില്ല. മത്സരിച്ചാലും കോൺഗ്രസിന് പ്രശ്നമില്ലെന്ന് തങ്കപ്പൻ കൂട്ടിച്ചേര്‍ത്തു.



