തിരുവനന്തപുരം: കേരളത്തിൽ സർക്കാർ നടത്തിയ കിരൺ ആരോഗ്യ സർവേ വിവരങ്ങൾ കനേഡിയൻ ഏജൻസിയായ പിഎച്ച്ആർഐയ്ക്ക് നൽകിയില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം പച്ചക്കള്ളം. സോഫ്റ്റ് വെയറില്‍ നിന്ന് ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യാൻ പിഎച്ച്ആർഐയ്ക്ക് അന്നത്തെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ അനുമതി നല്‍കിയിരുന്നു. മാത്രവുമല്ല തന്‍റെ ഗവേഷണത്തിന്‍റെ പേര് കിരണ്‍ എന്നാക്കി മാറ്റുകയാണെന്നു വ്യക്തമാക്കി പിഎച്ച്ആര്‍ഐ തലവൻ ഡോ സലിം യൂസഫ് കാനഡയിലെ എത്തിക്സ് ബോർഡിന് നൽകിയ അപേക്ഷ പരിഗണിച്ച് നൽകിയ അനുമതി പത്രത്തിന്റെ പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി

കേരളത്തിലെ 10ലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങൾ സമഗ്രമായി ശേഖരിച്ചതായിരുന്നു കേരള ഇൻഫർമേഷൻ ഓണ്‍ റെസിഡൻസ് ആരോഗ്യം നെറ്റ് വർക് അഥവാ കിരൺ സർവേ. ഈ ഗവേഷണം നടത്തുന്നത് കനേഡിയൻ ഏജന്‍സിയായ പിഎച്ച്ആര്‍ഐ ആണെന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍. പിഎച്ച്ആര്‍ഐ തലവൻ ഡോ സലിം യൂസഫാണ് കിരണ്‍ എന്ന പേര് നിര്‍ദേശിക്കുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ്വേ തുടങ്ങി. 

പിഎച്ച്ആര്‍ഐയേയും എൻജിഒ ആയ ഹെല്‍ത് ആക്ഷൻ ബൈ പീപ്പിളിനേയും ഉത്തരവുകളൊന്നുമില്ലാതെ സഹകരിപ്പിച്ചു. സര്‍വേ വിവരങ്ങള്‍ കൃത്യമായി കിട്ടണമെന്ന പിഎച്ച്ആര്‍ഐയുടെ ആവശ്യം പരിഗണിച്ച് സോഫ്റ്റ് വെയറിൽ നേരിട്ട് പ്രവേശിക്കാൻ അവര്‍ക്ക് അനുമതി നല്‍കി. അനുമതിക്ക് നിര്‍ദേശം നല്‍കിയത് അന്ന് ആരോഗ്യ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദനാണ്. ഡാറ്റ കൃത്യമായി എല്ലാ ദിവസവും കൈമാറണമെന്നും അത് പലതവണകളായി നല്‍കുന്നതാകും കൂടുതല്‍ നല്ലതെന്നും വ്യക്തമാക്കി പിഎച്ച്ആര്‍ഐ മെയിലുകൾ അയച്ചിട്ടുണ്ട്. 

തുടര്‍ന്ന് കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ബേസ് ലൈൻ സര്‍വേ എന്നായിരുന്ന തന്‍റെ ഗവേഷണത്തിന്‍റെ പേര് കിരണ്‍ എന്നാക്കി  മാറ്റുകയാണെന്ന് കാട്ടി  പിഎച്ച്ആര്‍ഐ തലവൻ ഡോ സലിം യൂസഫ് കാനഡയിലെ എത്തിക്സ് കമ്മറ്റിയെ സമീപിച്ച് അനുമതി വാങ്ങി. അതായത് കേരളത്തില്‍ ഗവേഷണം നടത്തിയത് സലിം യൂസഫ് ഉൾപ്പെടുന്ന പിഎച്ച്ആര്‍ഐ കൂടി ചേര്‍ന്നെന്ന് വ്യക്തം.