സംസ്ഥാനത്ത് 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം മെയ് 28-ന് കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്‍ററിൽ നടക്കും. രാവിലെ 10-ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇവി ചാർജിങ് സ്റ്റേഷൻ രംഗത്തെ കേരള സ്റ്റാർട്ട്അപ്പായ ചാർജ്മോഡുമായി സഹകരിച്ച് സംസ്ഥാനമൊട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും.
ഇവോക് ചാർജിങ് സ്റ്റേഷനുകളുടെ ഉപയോഗം വാഹന ഉടമകൾക്ക് എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചാർജിങ് മൊബൈൽ അപ്ലിക്കേഷൻ എറണാകുളം എംപി ഹൈബി ഈഡൻ അവതരിപ്പിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രശ്നരഹിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദേങ്ങളും സംസ്ഥാനമൊട്ടാകെ നൽകി വരുന്ന സംഘടയാണ് ഇവോക്(EVOK). രാജ്യത്തെ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനും പ്രചരിപ്പിക്കുന്നതിനുമുള്ള വിവിധ ഏജൻസികളുടെ ഉദ്യമങ്ങളെ പിന്തുണക്കുകയും സഹായിക്കുകയുമാണ് ഇവോക്കിന്റെ മുഖ്യ ലക്ഷ്യം.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കേരളമുടനീളം 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളാണ് ഇവോക് സ്ഥാപിക്കുന്നത്. അവ ഉപഭോക്തൃ സൗഹൃദമാക്കാൻ ചാർജിങ് മൊബൈൽ അപ്ലിക്കേഷനും അവതരിപ്പിക്കുന്നുണ്ട്. സമീപ ഭാവിയിൽ തന്നെ സംസ്ഥാനത്ത് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കാനും ഇവോക് ലക്ഷ്യമിടുന്നു. കൂടാതെ വീടുകളിൽ സൗരോർജ്ജ ഉപഭോഗം വർദ്ധിപ്പിക്കുക, ഇലക്ട്രിക് വാഹനങ്ങൾ സൗരോർജ്ജത്തിൽ ചാർജ് ചെയ്യുക, മറ്റ് പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ എന്നിവക്കും ഇവോക് നേതൃത്വം നൽകുന്നുണ്ട്
കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, കെഎസ്ഇബി ചെയർമാൻ ഡോ രാജൻ എൻ ഖൊബ്രഗഡെ ഐഎഎസ്, സിറ്റി പോലിസ് കമ്മീഷണർ സേതുരാമൻ ഐപിഎസ്, ചാർജ്മോഡ് സിഇഒ രാമാനുണ്ണി, ടാറ്റാ പാസഞ്ചർ ഇലക്ട്രിക് മൊബൈലിറ്റി സീനിയർ മാനേജർ നിതിൻ ഫിലിപ്പ്, സംസ്ഥാനത്തെ നൂറുകണക്കിന് ഇലക്ട്രിക് വാഹന ഉടമകൾ തുടങ്ങിയവർ പങ്കെടുക്കും.
