തിരുവനന്തപുരം:  എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഇളവുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന ജില്ലയ്ക്ക് പുറത്തും പരീക്ഷയെഴുതാം. ഇതോടെ നിലവില്‍ പഠിക്കുന്ന ജില്ലയ്ക്ക് പുറത്ത് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ നിന്ന് തന്നെ പരീക്ഷകള്‍ എഴുതാന്‍ സാധിക്കും. എന്നാല്‍ ജില്ലകൾക്കകത്ത് മാറ്റം അനുവദിക്കില്ല. 

പരീക്ഷാ കേന്ദ്രം മാറ്റാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. sslcexam.kerala.gov.in, hscap.kerala.gov.in,എന്നീ വെബ്സൈറ്റുകളിലൂടെയാണ് അപേക്ഷിക്കേണ്ടത്.  23ന് പരീക്ഷാ കേന്ദ്രം അനുവദിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്ലസ് ടു, വിഎച്ച്‍എസ്‍സി കുട്ടികൾ അവരുടെ സബ്‍ജക്ട് കോംബിനേഷൻ ഉള്ള സ്കൂളിൽ മാത്രമേ അപേക്ഷിക്കാവു.

മെയ് 26 നാണ് എസ്എസ്‍എൽസി പ്ലസ് ടു പരീക്ഷൾ ആരംഭിക്കുന്നത്. ഈ മാസം 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ 26 മുതൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം. എന്നാൽ പരീക്ഷ മുൻ നിശ്ചയിച്ച പ്രകാരം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ പരീക്ഷ മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം മുഖ്യമന്ത്രി തള്ളി.