ചെക്പോസ്റ്റുകൾ വെട്ടിച്ച് തത്തമംഗലം വഴിയാണ് ഈ സംഘം സ്പിരിറ്റെത്തിച്ചത്. ഇവ കളളിൽ ചേർത്ത് കളളുഷാപ്പുകളൂടെ വിതരണത്തിന്  ഉളളവയാണെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന വിവരം.

പാലക്കാട്: പാലക്കാട് കളളുഷാപ്പുകളിലേക്കെത്തിക്കാൻ ശ്രമിച്ചതെന്ന് കരുതുന്ന 525 ലിറ്റർ സ്പിരിറ്റ്എക്സൈസ് ഇന്റലിജൻസ് പിടികൂടി. സ്പിരിറ്റ് കടത്താൻ ശ്രമിച്ച ഒരാളും എക്സൈസിന്റെ പിടിയിലായി. പാലക്കാട്ടെ അതിർത്തിമേഖലയിലേക്ക് കാറിലെത്തിച്ച സ്പിരിറ്റാണ് തത്തമംഗലത്തിന് സമീപം എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. 15 കന്നാസുകളിലായി കാറിന്റെ ഡിക്കിയിലും പിൻസീറ്റിലുമായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

കാർ ഓടിച്ചിരുന്ന അത്തിമണി സ്വദേശി അനിൽ ഓടിരക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മണി എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂരിൽ നിന്നാണ് സ്പിരിറ്റെന്നാണ് ഇവർ എക്സൈസ് സംഘത്തോട് വെളിപ്പെടുത്തിയത്. ഇക്കാര്യം അധികൃതർ മുഖവിലക്കെടുത്തിട്ടില്ല. തമിഴ് നാട്ടിൽ നിന്നെത്തിച്ചതാണ് ഇവയെന്നാണ് എക്സൈസ് അധികൃതർ സംശയിക്കുന്നത്. അതിർത്തി കടന്ന് സ്പിരിറ്റൊഴുക്കാൻ സാധ്യതയുണ്ടെന്ന് എക്സൈസ് സംഘത്തിന് സൂചനകളുണ്ടായിരുന്നു. 

ചെക്പോസ്റ്റുകൾ വെട്ടിച്ച് തത്തമംഗലം വഴിയാണ് ഈ സംഘം സ്പിരിറ്റെത്തിച്ചത്. ഇവ കളളിൽ ചേർത്ത് കളളുഷാപ്പുകളൂടെ വിതരണത്തിന് ഉളളവയാണെന്നാണ് എക്സൈസ് അധികൃതർ നൽകുന്ന വിവരം. ഓടി രക്ഷപ്പെട്ട അനിലിന് രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനകളുണ്ട്. മാസങ്ങൾക്ക് മുമ്പ് ചിറ്റൂരിന് സമീപം ഒരു ടാങ്കറിൽ കടത്താൻ ശ്രമിച്ച2000 ലിറ്ററിലേറെ സ്പിരിറ്റ് പിടികൂടിയിരുന്നു. ഈ കണ്ണിയുമായി ഇവർക്ക് ബന്ധമുണ്ടോ എന്നാണ് എക്സൈസ് അന്വേഷിക്കുന്നത്.