ചെങ്ങന്നൂരിൽ 1994 ലെ കുട്ടപ്പ പണിക്കർ കൊലക്കേസിൽ 31 വർഷത്തിന് ശേഷം പ്രവാസി പിടിയിൽ. ചെറിയനാട് സ്വദേശി ജയപ്രകാശിനെ സൗദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ 31 വർഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതിയെ ചെന്നിത്തലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് സ്വദേശി ജയപ്രകാശ് (57) ആണ് പിടിയിലായത്. 1994 ൽ കുട്ടപ്പ പണിക്കരെന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊലപാതകത്തിന് ശേഷം സൗദിയിലേക്ക് കടന്ന പ്രതിയെ അന്ന് പിടികൂടാനായില്ല. പിന്നീട് വിദേശത്ത് നിന്ന് നാട്ടിലെത്തി ചെന്നിത്തലയിൽ വിവാഹം കഴിച്ച ശേഷം വീണ്ടും തിരികെ പോയി. ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെറിയനാട് അരിയന്നൂർശ്ശേരിയിൽ വെച്ചാണ് ക്രൂരമായ കൊലപാതക കൃത്യം ജയപ്രകാശ് നടത്തിയത്. 1994 നവംബർ 15-ന് രാത്രി 7.15-നായിരുന്നു സംഭവം. കുട്ടപ്പ പണിക്കരെ കല്ല് കൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ച ജയപ്രകാശ് അന്ന് തന്നെ നാടുവിട്ടു. അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടപ്പ പണിക്കർ 1994 ഡിസംബർ 4ന് മരിച്ചു. ഇതിനിടെ മുംബൈയിലെത്തിയ പ്രതി, കുട്ടപ്പ പണിക്കർ മരിച്ചെന്ന് അറിഞ്ഞതോടെ സൗദി അറേബ്യയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയി.
പ്രതി വിദേശത്തേക്ക് കടന്നെന്ന് മനസിലാക്കിയ പൊലീസ് അന്വേഷണവും ഇതോടെ മന്ദഗതിയിലായി. 1997 ലാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. അതിനാൽ തന്നെ വിചാരണ തുടങ്ങാനും സാധിച്ചില്ല. 1999-ൽ കോടതി ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാൽ പൊലീസ് അറിയാതെ നാട്ടിലെത്തിയ ജയപ്രകാശ് ചെന്നിത്തലയിൽ നിന്ന് വിവാഹം ചെയ്തു. ചെന്നിത്തല ഒരിപ്രത്ത് താമസവുമാക്കി. പിന്നീട് ഇയാൾ സൗദിയിലേക്ക് മടങ്ങിപ്പോയി. ഇടയ്ക്ക് എല്ലാ പ്രവാസികളെയും പോലെ അവധിക്ക് നാട്ടിൽ വന്ന് മടങ്ങിപ്പോകുന്നത് പതിവായിരുന്നു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ മേൽനോട്ടത്തിൽ കേസിൽ വീണ്ടും അന്വേഷണം തുടങ്ങിയത് ഈയിടെയാണ്. അതീവ രഹസ്യമായാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോയത്. പ്രതിയെ കണ്ടെത്താനായി ആദ്യം ഇയാളുടെ രണ്ട് സഹോദരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജയപ്രകാശിൻ്റെ സഹോദരി കാഞ്ഞങ്ങാടും സഹോദരൻ പുണെയിലുമാണ് താമസിക്കുന്നതെന്ന് പൊലീസ് ഇതിനോടകം മനസിലാക്കിയിരുന്നു. ഇവർ ഇരുവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജയപ്രകാശ് ചെന്നിത്തലയിൽ വിവാഹം കഴിച്ചതായി സൂചന ലഭിച്ചു. ചെന്നിത്തലയിൽ പ്രതി എത്തുന്നതും കാത്തിരിക്കുകയായിരുന്നു പൊലീസ്. കഴിഞ്ഞ ദിവസം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ജയപ്രകാശിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.



