Asianet News MalayalamAsianet News Malayalam

'വിരൽ ഒന്നൊന്നായി മുറിക്കും'; തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടുനൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം

സംഭവത്തിൽ ആളെ കാണാനില്ലെന്ന പരാതിയാണ് പൊലീസ് രജിസ്റ്റർ ചെയ്തതെങ്കിലും ഭീഷണി കോൾ എത്തിയതോടെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു

Expatriate businessman abducted from Nadapuram abductors demands money
Author
Nadapuram, First Published Feb 13, 2021, 6:20 PM IST

കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വ്യാപാരിയെ വിട്ടുകിട്ടാൻ പണം ആവശ്യപ്പെട്ട് ഭീഷണി കോൾ. പ്രവാസി വ്യവസായി എംടികെ അഹമ്മദിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ പ്രാര്‍ത്ഥനക്ക് പള്ളിയിലേക്ക് പോകും വഴിയാണ് സംഭവം. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെയാണ് ഖത്തറിലുള്ള സഹോദരന് ഭീഷണി കോൾ എത്തിയത്. പണം നൽകിയില്ലെങ്കിൽ അഹമ്മദിന്റെ വിരലുകൾ ഒന്നൊന്നായി മുറിക്കുമെന്നും ഭീഷണിയിലുണ്ട്.

ഖത്തർ സമയം രണ്ട് മണിക്കുള്ളിൽ പണം നൽകണമെന്നാണ് ആവശ്യം. ഏതാണ്ട് 60 ലക്ഷം രൂപയാണ് അക്രമി സംഘം ആവശ്യപ്പെടുന്നത്. ഖത്തറിലെ ബിസിനസ് തർക്കവുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. അതിനിടെ പൊലീസ് ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധിച്ചു. ആളെ കാണ്മാനില്ലെന്ന പരാതിയിലാണ് കേസെടുത്തത്. തെളിവുകൾ ഹാജരാക്കിയിട്ടും പൊലീസ് തട്ടികൊണ്ടു പോകലിന് കേസ്സെടുത്തില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. തട്ടിക്കൊണ്ടുപോകലിന് കേസെടുക്കാമെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തുമെന്നും ഉറപ്പ് നൽകിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി.

പുലര്‍ച്ചെ വീടിന് സമീപത്തെ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയതായിരുന്നു അഹമ്മദെന്ന് ബന്ധുവായ അഡ്വ അലി പറഞ്ഞു. വഴിയരികില്‍ അദ്ദേഹത്തിന്‍റെ സ്കൂട്ടര്‍ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. അഹമ്മദിന്‍റെ വണ്ടി തടഞ്ഞ് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയെന്നാണ് ബന്ധുക്കൾ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ ആളെ കാണാനില്ലെന്ന പരാതിയാണ് പൊലീസ് രജിസ്റ്റർ ചെയ്തതെങ്കിലും ഭീഷണി കോൾ എത്തിയതോടെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു.

ഖത്തര്‍, ദുബായ് എന്നിവിടങ്ങളില്‍ വ്യവസായിയാണ് അഹമ്മദ്. നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അതിനാല്‍ അഹമ്മദിന് നാട്ടില്‍ ശത്രുക്കൾ ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. കമ്പനിയിലെ ഒരു സ്റ്റാഫിനെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios