സംസ്ഥാന സർക്കാരുമായി ചേർന്ന് തുടർനടപടികൾ മുന്നോട്ട് കൊണ്ടുപോകും; അൺഎയ്ഡഡ് കോളേജുകളിൽ എൻസിസി വേണമെന്ന ആവശ്യം പരിഗണനയിലെന്നും എൻസിസി ഡിജി

കൊച്ചി: പ്രശ്നങ്ങൾ പരിഹരിച്ച് ഇടുക്കിയിലെ സത്രം എയർ സ്ട്രിപ്പ് പദ്ധതിയുമായി മുന്നോട്ടുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻസിസി ഡയറക്ടർ ജനറൽ ലെഫ്റ്റ്നന്റ് ജനറൽ ഗുർബീർപാൽ സിങ് പറഞ്ഞു. സംസ്ഥാന സർക്കാരുമായി ചേർന്ന് തുടർ നടപടികൾ മുന്നോട്ട് കൊണ്ടുപോകും. എയർ സ്ട്രിപ്പ് സന്ദർശിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ലെഫ്റ്റ്നന്റ് ജനറൽ ഗുർബീർപാൽ സിങ് കൊച്ചിയിൽ പറഞ്ഞു.എൻസിസി യൂണിറ്റ് അനുവദിക്കണമെന്ന അൺഎയ്ഡഡ് കോളേജുകളുടെ ആവശ്യം ഉന്നതതല സമിതിയുടെ പരിഗണനയിലാണെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ് സംസ്ഥാന പിഡ‍ബ്ല്യുഡി വകുപ്പ് സത്രത്തിൽ എയർ സ്ട്രിപ്പ് നിർമിക്കുന്നത്. എന്നാൽ നിർമാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ പൊതുതാൽപര്യ ഹർജി പരിഗണിക്കവേ എയർസ്ട്രിപ്പിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുക്കുകയായിരുന്നു. പെരിയാർ കടുവാ സങ്കേതത്തിന് എയർ സ്ട്രിപ്പ് ഭീഷണിയാണെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലം നൽകിയത്. പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് 630 മീറ്റർ അകലെ മാത്രമാണ് പദ്ധതി മേഖല. മൃഗങ്ങളുടെ സഞ്ചാരപാതയെ ബാധിക്കും എന്ന് മാത്രമല്ല അവയുടെ ആവാസ വ്യവസ്ഥയെ തകർക്കും. മൃഗങ്ങളുടെ പ്രജനന ശേഷി കുറയ്ക്കും. പക്ഷികൾ വരാതെയാകും, കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്ത് എയർസ്ട്രിപ്പ് നിർമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം സത്രത്തിൽ നിർമിച്ച 650 മീറ്റ‍ർ ദൈ‍ർഘ്യമുള്ള എയ‍ർസ്ട്രിപ്പിൽ ചെറുവിമാനം ഇറക്കാനുള്ള നീക്കം നേരത്തെ പരാജയപ്പെട്ടിരുന്നു. എയ‍ർ സ്ട്രിപ്പിന് സമീപത്തുള്ള മൺത്തിട്ട കാരണം ലാൻഡിം​ഗ് നടത്താൻ വിമാനത്തിനായില്ല. റൺവേയുടെ നീളം കൂട്ടിയ ശേഷം വീണ്ടും ട്രയൽ റൺ നടത്താൻ തീരുമാനിച്ചിരിക്കെയാണ് കോടതിയിൽ പൊതുതാൽപര്യ ഹർജി എത്തിയത്.