കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച് വിഡി സതീശൻ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചു. മുൻ സർക്കാരിന്റെ തെറ്റായ കണക്കുകൾ തിരുത്തി, ജനങ്ങൾക്ക് അധികഭാരം നൽകാതെ നികുതി സംവിധാനം കാര്യക്ഷമമാക്കാനും വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിടുന്ന ബജറ്റിൽ കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്കായി നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത് . കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ കൂടി ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖത്തിൽ കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള ആകെ സാമ്പത്തിക ബാധ്യത 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെൻഷൻ പരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാൽ ഇതിലും വലിയ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നും ബജറ്റ് ആമുഖത്തിൽ പറയുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത ധനപ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടുത്ത സാമ്പത്തിക പരാധീനതകൾക്കിടയിലും 'ഇന്ദിര ഗ്യാരണ്ടി'യിലെ രണ്ട് ഗ്യാരണ്ടികൾ സർക്കാർ നടപ്പിലാക്കി. കൂടാതെ ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരുടെ വേതനവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡീമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നിലവിൽ സംസ്ഥാനം കടന്നുപോകുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും വയോജനങ്ങൾക്ക് കൃത്യമായ കൈത്താങ്ങാകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, വിവിധ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുക, ഖജനാവിലേക്ക് പണം സമാഹരിക്കുക എന്നിവയിലൂടെ ആ സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണം ഉറപ്പാക്കുക എന്നതാണ് ഈ പുതുക്കിയ ബജറ്റിന്റെ ലക്ഷ്യം. ഇതിനായി നിരവധി സ്വപ്ന പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നതെന്നും ബജറ്റ് ആമുഖത്തിൽ വ്യക്തമാക്കുന്നു...

വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളുടെ പൂര്‍ണരൂപം1. അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക പദ്ധതികളും

മിഷൻ സമുദ്ര: കേരളത്തെ റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയുമായി ബന്ധിപ്പിച്ചു തുറമുഖ നഗരമാക്കാനുള്ള സമഗ്ര പദ്ധതി. ഇതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും.

സതേൺ കേരളാ ഇക്കണോമിക് കോറിഡോർ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചു തന്ത്രപരമായ ഏകീകൃത സാമ്പത്തിക മേഖല സൃഷ്ടിക്കും.

ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബ്: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഹബ്ബാക്കും.

ഇൻവെസ്റ്റ് കേരളം സെൽ: നിക്ഷേപകർക്ക് ഭൂമി, നിയമപരമായ അനുമതികൾ, നിക്ഷേപാനന്തര പിന്തുണ എന്നിവ നൽകുന്ന ഏകജാലക സംവിധാനം.

കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്കീം: സംസ്ഥാനത്തുടനീളം പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ സംരംഭങ്ങൾക്ക് റിവോൾവിംഗ് ഫണ്ടും ടെക്നോ-മെന്റർമാരുടെ സഹായവും നൽകും.

സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ: ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനൽകുന്ന പ്രത്യേക സാമ്പത്തിക മേഖല.

ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും.

സാമ്പത്തിക വിഹിതം: 2026-27 വർഷത്തെ പദ്ധതി അടങ്കൽ തുക 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തി.

പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് ഇക്കോണിയായി മാറാൻ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും.

വ്യവസായ ഹബ്ബുകൾ: പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്ബും, അതോടൊപ്പം സ്വർണ്ണ വിനിമയ കേന്ദ്രവും ആഭരണ നിർമ്മാണ പാർക്കും സ്ഥാപിക്കും.

ലാന്റ് മാനേജ്‌മെന്റ് നയം: ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പഴയ ഭൂനിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കും.

2. കാർഷിക, ക്ഷീര, തീരദേശ മേഖലകൾ

റബർ താങ്ങുവില: റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർദ്ധിപ്പിക്കും.

ക്ഷീരവികസനം: മൂന്ന് വർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്തും.

തീരദേശ ക്ഷേമം: മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് സബ് പ്ലാൻ ആവിഷ്‌കരിക്കും. മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തും. അപകട ഇൻഷുറൻസ് പുതുക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യ വിപണനത്തിന് 'ഷീ സ്കൂട്ടറുകളും' അനുവദിക്കും. എല്ലാ തീരദേശവാസികൾക്കും പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി ഹാർബറിന്റെ അപാകതകൾ പരിഹരിക്കും.

കൃഷി സഖി: വനിതാ കർഷക വികസനത്തിനായി പ്രത്യേക പരിപാടി നടപ്പാക്കും.

മറ്റ് പദ്ധതികൾ: മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും, പട്ടയവിതരണ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി കൊണ്ടുവരും.

3. വിദ്യാഭ്യാസം, തൊഴിൽ, യുവജന ക്ഷേമം

കേരള നോളജ് വാലി: വിദേശത്തെ ലെഗസി യൂണിവേഴ്‌സിറ്റികളെ ഉൾപ്പെടെ ആകർഷിച്ചു കേരളത്തെ ഉന്നതവിദ്യാഭ്യാസ ലക്ഷ്യസ്ഥാനമാക്കും.

വയനാട് ട്രൈബൽ സർവകലാശാല: ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാനവും സംരക്ഷിക്കാൻ തദ്ദേശീയ വിജ്ഞാന മേഖലയോടു കൂടി ആരംഭിക്കും.

ഗ്ലോബൽ ജോബ് വാച്ച് ടവർ: മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലയെക്കുറിച്ച് പഠിച്ചു യുവജനങ്ങളെ സജ്ജരാക്കും.

റാഗിങ് വിരുദ്ധ നടപടികൾ: റാഗിങ് തടയാൻ 'Sidharthan Student Distress App', വിദ്യാർത്ഥി ക്ഷേമത്തിനായി 'Sidharthan Anti Ragging & Student Welfare Act' എന്നിവ നടപ്പാക്കും. അക്കാദമിക് വിഷയങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ അക്കാദമിക് കൗൺസിൽ രൂപീകരിക്കും.

ബഹിരാകാശ ഗവേഷണം: സാറ്റലൈറ്റ് സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകിയുള്ള ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ/വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകും.

മറ്റ് വിദ്യാഭ്യാസ പദ്ധതികൾ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസർച്ച് സംവിധാനങ്ങൾ ഐഐടി മദ്രാസ് റിസർച്ച് പാർക്ക് മാതൃകയിൽ വിപുലീകരിക്കും. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ ബ്രിഡ്ജ് പ്രോഗ്രാമുകൾ കൊണ്ടുവരും. 'സെമസ്റ്റർ ഇൻ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും. കാമ്പസുകളിൽ വിദ്യാർത്ഥി വൈവിധ്യവൽക്കരണത്തിന് പരിഗണന നൽകും. ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെംബർ പദ്ധതി ആവിഷ്കരിക്കും.

4. ആരോഗ്യം, സാമൂഹിക സുരക്ഷ, വയോജന ക്ഷേമം

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും.

കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കേരളത്തെ പ്രമുഖ മെഡിക്കൽ ഡെസ്റ്റിനേഷനാക്കും. ചികിത്സാ ചെലവുകൾ കുറയ്ക്കാൻ സർക്കാർ ഇടപെടും.

മെഡിക്കൽ കോളേജുകൾ: കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തീർക്കും.

പ്രത്യേക ഹെൽത്ത് ക്ലസ്റ്ററുകൾ: ആദിവാസി മേഖലകളിൽ ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശത്ത് കോസ്റ്റൽ കെയർ യൂണിറ്റുകളും സ്ഥാപിക്കും.

അപൂർവ്വ രോഗങ്ങൾക്കുള്ള സഹായം: എസ്.എം.എ. അടക്കമുള്ള അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കും. ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും, ഇൻസുലിൻ പമ്പും, ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറുകളും നൽകും.

സിൽവർ ഇക്കോണമി: വയോജനങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങൾ, സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉൾപ്പെടുന്ന പദ്ധതി വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയിൽ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും.

പരമ്പരാഗത വ്യവസായങ്ങൾ: സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് വേതന സഹായം (Income support scheme) നൽകും. പൂട്ടി കിടക്കുന്ന ഫാക്ടറികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പ്രത്യേക പദ്ധതികൾ കൊണ്ടുവരും.

മറ്റ് പദ്ധതികൾ: വൺ കേരള കരുതൽ മിഷൻ വഴി ഗുരുതര രോഗബാധിതർക്കും പാവപ്പെട്ടവർക്കും നേരിട്ട് സഹായം എത്തിക്കും. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, സ്നേഹപൂർവ്വം, താലോലം, ക്യാൻസർ സുരക്ഷ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കും. എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും.

5. വിനോദസഞ്ചാരം, കല, സംസ്‌കാരം

ടൂറിസത്തിന് വ്യവസായ പദവി: ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.

തീർത്ഥാടന ടൂറിസം സർക്യൂട്ട്: അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു പദ്ധതി നടപ്പാക്കും.

അന്തർദേശീയ മാരിടൈം മ്യൂസിയം: സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.

ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: കൊച്ചിയിൽ 'ചിത്രനഗരം' സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകും.

സ്മാരകങ്ങളും സാംസ്കാരിക പാർക്കുകളും:

കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക്.

തൃശ്ശൂരിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി.

കോഴിക്കോട് ഗായകൻ ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമി.

ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം.

ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും.

എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകം.

തിരുവനന്തപുരം പട്ടത്ത് മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് സ്മാരക മന്ദിരം.

ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദ മേനോൻ സ്മാരകം.

മറ്റ് പദ്ധതികൾ: കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ പാചകകലാ ഇന്റസ്റ്റിറ്റ്യൂട്ട് (Culinary Institute) സ്ഥാപിക്കും. അതിരപ്പള്ളിയിൽ ഇക്കോ-ഫ്രണ്ട്‌ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയം നിർമ്മിക്കും. 'ബ്രാൻഡ് കേരളം' വഴി സുഗന്ധവ്യഞ്ജനങ്ങൾ, കയർ, ഹാൻഡ്‌ലൂം ഉൽപ്പന്നങ്ങൾ എന്നിവ ബ്രാൻഡ് ചെയ്യും.

6. ക്രമസമാധാനം, സുരക്ഷ, പരിസ്ഥിതി

സ്ത്രീ-ശിശു സുരക്ഷ: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറൻസ് നിലപാട്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ 'മകൾക്കൊപ്പം' പദ്ധതി നടപ്പാക്കും.

ലഹരിവിരുദ്ധ നടപടികൾ: പുതുതലമുറ ലഹരി വസ്തുക്കൾ തിരിച്ചറിയാൻ എല്ലാ എക്‌സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ലഭ്യമാക്കും. 'ഓപ്പറേഷൻ തൂഫാൻ' വ്യാപിപ്പിക്കും.

കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ: പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലിംഗ്, ജിയോ സ്പേഷ്യൽ ഇന്റലിജൻസ് എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.

വന്യജീവി സംഘർഷം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും, ബജറ്റ് വിഹിതം ഉയർത്തും.

കാർബൺ ന്യൂട്രൽ കേരളം: 2050-ഓടു കൂടി കേരളത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിച്ചു കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കും.

റോഡ് സംസ്‌കാരം: കാൽനട യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.

7. ഭരണനിർവ്വഹണം, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, ജീവനക്കാരുടെ ആനുകൂല്യങ്ങൾ

പ്രത്യേക സാമ്പത്തിക വിഹിതം: പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവർഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും കൂടുതലായി അനുവദിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപ അധികമായി നൽകി.

നിയമ നിർമ്മാണം: എസ്‌സി/എസ്ടി വിഭാഗങ്ങൾക്കായി വകയിരുത്തിയ തുക കൃത്യമായി സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരും. ഇവർക്കായി പുതിയ ഭവന നിർമ്മാണ പദ്ധതിയും സ്പെഷ്യൽ റിക്രൂട്ട്മെന്റും നടത്തും.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ: സർക്കാർ ജീവനക്കാരുടെ ഡി.എ/ ഡി.ആർ മുടക്കം കൂടാതെ നൽകും. മെഡിസെപ് പരിഷ്‌ക്കരിക്കും. അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തത പരിശോധിച്ച് എൻ.പി.എസ് സംവിധാനം പരിഷ്‌ക്കരിക്കും. കെ.യു.ഡബ്ല്യു.ജെ ക്ഷേമപ്രവർത്തനങ്ങൾക്ക് സഹായം നൽകും, നോൺ ജേണലിസ്റ്റ് പെൻഷൻ തുക വർദ്ധിപ്പിക്കും.

തദ്ദേശ ഭരണം & മറ്റു സഹായങ്ങൾ: ഗ്രാമസഭയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ സൗകര്യം ഒരുക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയർത്തും. സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നൽകാൻ നിക്ഷേപ ഗ്യാരന്റി സ്കീമിൽ മാറ്റം വരുത്തും. ഇ-ഗ്രാന്റ് കുടിശ്ശിക സമയബന്ധിതമായി തീർപ്പാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കും.

8. പ്രാദേശിക വികസന പാക്കേജുകൾ

വിലങ്ങാട് പാക്കേജ്: ഉരുൾപൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.

ജില്ലാ പാക്കേജുകൾ: വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായുള്ള പ്രത്യേക വികസന പാക്കേജുകൾ ഊർജ്ജിതമായി നടപ്പാക്കും.