സർക്കാർ ജീവനക്കാരെ കാര്യമായി പരിഗണിക്കാതെ യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റ്. മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്നല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.
തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ കാര്യമായി പരിഗണിക്കാതെ യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റ്. മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്നല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. എന്നാൽ പങ്കാളിത്ത പെൻഷനിൽ മാറ്റം പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെൻഷൻ പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്.
അതേസമയം, ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായില്ല. വിരമിക്കൽ പ്രായം ഉയർത്തുന്നതിലും പരാമർശമുണ്ടായില്ല. ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യവും ബജറ്റിൽ പരാമർശിച്ചില്ല. ഡി എ കുടിശ്ശികയുടെ മുൻ കാല പ്രാബല്യം 8 ഗഡുക്കളായി നൽകുമെന്നായിരുന്നു മുൻ ധനകാര്യമന്ത്രിയായിരുന്ന കെഎൻ ബാലഗോപാലിന്റെ ബജറ്റിലെ വാഗ്ദാനം. ഇത്തവണ 2 ഗഡുവാണ്. ഇത് നടപ്പാക്കിയാൽ ഈ വർഷം 9000 കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്ക്.


