17 വയസ്സുകാരനായ അനിരുദ്ധിനെതിരെ അനധികൃത ബോംബ്നിർമ്മാണത്തിന് മുമ്പും കേസുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഇവർ ബോംബുകള്‍ നിർമ്മിച്ചത്.
തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങളുടെ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി. തിരുവനന്തപുരം മണ്ണന്തലയില്‍ നടന്ന സ്ഫോടനത്തില്‍ നെടുമങ്ങാട് സ്വദേശിയായ യുവാവിന്‍റെ രണ്ട് കൈപ്പത്തിയും പൂര്‍ണമായും നഷ്ടമായി. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതര പരിക്ക്. രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. പൊലീസെത്തിയാല്‍ എറിയാനായിരുന്നു ബോംബുകള്‍ തയാറാക്കിയതെന്നാണ് സംശയം.
മുക്കോലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഏക്കറ് കണക്കിന് ചുറ്റളവുള്ള കുന്നിന്‍ പ്രദേശത്തെ മരച്ചുവട്ടിലെത്തിയായിരുന്നു നാലംഗ സംഘത്തിന്‍റെ ബോംബ് നിര്‍മ്മാണം. ബൈക്കിലെത്തിയ സംഘം ഉച്ചയോടെയാണ് ബോംബ് നിര്‍മ്മാണം ആരംഭിച്ചത്. ഇതിനിടയില്‍ 17 കാരന്‍ അനിരുദ്ധിന്‍റെ കൈയില്‍ നിന്നും സ്ഫോടക വസ്തു വീണ് പൊട്ടുകയായിരുന്നു. രണ്ട് കൈപ്പത്തിയും പൂര്‍ണമായും നഷ്ടമായി. അടുത്തുണ്ടായിരുന്ന അനിരുദ്ധിന്‍റെ സഹോദരന്‍ അഖിലേഷിന് കാലിനും തുടയ്ക്കും ഗുരുതര പരിക്കേറ്റു.
ഓടി രക്ഷപ്പെട്ട കൂടെയുണ്ടായിരുന്ന കിരണ്‍, ശരത് എന്നിവര്‍ക്ക് നിസാര പരിക്കുകളുണ്ട്. ഇരുവരും ചേര്‍ന്നാണ് അനിരുദ്ധിനെയും അഖിലേഷിനെയും ബൈക്കില്‍ മണ്ണന്തലയിലെത്തിച്ച ശേഷം ഓട്ടോയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിക്കേറ്റവര്‍ ഗുണ്ടാസംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ അനിരുദ്ധനെതിരെ അനധികൃത പടക്കനിർമ്മാണത്തിനും ബോംബേറ് കേസിലും പ്രതിയാണ്.
അഖിലേഷ് അടിപിടി കേസിലെ പ്രതിയാണ്. ഒപ്പമുണ്ടായിരുന്ന കിരണ്‍ വഞ്ചിയൂരിലെ ബൈക്ക് മോഷണക്കേസില്‍ സംശയിക്കുന്നയാളാണ്. മോഷണക്കേസില്‍ കിരണിനെ തേടി ഇന്ന് രാവിലെ പൊലീസ് വീട്ടില്‍ പോയിരുന്നു. പൊലീസ് വീണ്ടുമെത്തിയാല്‍ ബോംബെറിഞ്ഞ് രക്ഷപ്പെടാനായിരുന്നു സ്ഫോടക വസ്തു നിര്‍മിച്ചതെന്നാണ് സംശയം. കസ്റ്റഡിയിലുള്ള കിരണിനേയും ശരതിനേയും പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
