റെയിൽവേ പൊലീസ് പരിശോധന നടത്തുകയാണ്. പടക്കം പോലുള്ള വസ്തുവാണ് കണ്ടെത്തിയത്. 

കോഴിക്കോട് കല്ലായിയിൽ റെയിൽപാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ചൈനീസ് പടക്കമെന്നാണ് സൂചനയെങ്കിലും അട്ടിമറി സാധ്യത തളളാതെയാണ് അന്വേഷണം. സമീപവാസിയായ വീട്ടുടമയ്ക്കെതിരെ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ് എടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് അറിയിച്ചു.

കല്ലായി റെയിൽവേ സ്റ്റേഷന് മീറ്ററുകൾ മാത്രമകലെ ചരക്ക് തീവണ്ടികൾ പോകുന്ന പാളത്തിലാണ് രാവിലെ സ്‌ഫോടക വസ്തു കണ്ടെത്തിയത്. റെയില്‍വേ തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ വീടിന് മുന്നില്‍നിന്ന് സ്ഫോടക വസ്തുവിന്‍റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കിട്ടി. പാളത്തിന് സമീപം താമസിക്കുന്ന ഹംസയുടെ വീടും പരിസരവും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അരിച്ചു പെറുക്കി.

കഴിഞ്ഞ ദിവസം ഈ വീട്ടില്‍ നടന്ന കല്യാണത്തിന് ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചിരുന്നുതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ പൊട്ടാത്ത പടക്കം പാളത്തില്‍ കൊണ്ടിട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീട്ടുകാരെ ചോദ്യം ചെയ്ത പോലീസ് ഇവർക്കെതിരെ സ്ഫോടകവസ്തു നിരോധന നിയമ പ്രകാരം കേസെടുത്തു. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. പ്രാഥമികമായി അട്ടിമറി സാധ്യത തള്ളുമ്പോഴും പാളത്തിന് മധ്യത്തില്‍ സ്ഫോടക വസ്തുകണ്ടെത്തിയത് ഗുരുതര കുറ്റമായാണ് പോലീസ് കണക്കാക്കുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona