ആലപ്പുഴ ദേശീയപാതയിൽ കളർകോട് ബൈപാസ് ജങ്ഷനിൽ ഉയരപ്പാത 250 മീറ്റർ നീട്ടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. നിലവിലെ നിർമ്മാണം ജനജീവിതത്തെയും ഗതാഗതത്തെയും സാരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി അദ്ദേഹം ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാന് കത്ത് നൽകി.

ആലപ്പുഴ: ദേശീയപാതയില്‍ കളര്‍കോട് ബൈപാസ് ജങ്ഷനിൽ അമ്പലപ്പുഴ ഭാഗത്തേക്ക് 250 മീറ്റര്‍ ദൂരത്തില്‍ ഉയരപ്പാത നീട്ടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന് കത്തു നല്‍കി. ഇതിന് ആനുപാതികമായി ബൈപ്പാസിന്റെ ഇരുവശത്തും നീളം കൂട്ടണമെന്നും വശഭിത്തികളുടെ ഉയരം കുറയ്ക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ നഗരത്തിലേക്കും പഴയ ഹൈവേയിലേക്കുമുള്ള പ്രവേശന കവാടവും നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സുപ്രധാന ഇടമാണിത്. നിലവില്‍ ഇവിടെ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കച്ചവട സ്ഥാപനങ്ങളിലേക്കും സമീപത്തെ വീടുകളിലേക്കുമുള്ള പ്രവേശനത്തെയും വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും സഞ്ചാരത്തെയും ഗതാഗതത്തെയും സാരമായി ബാധിക്കുന്നതായി എംപി ചൂണ്ടിക്കാട്ടുന്നു. സാഗര ആശുപത്രി, നഴ്‌സിങ് സ്‌കൂള്‍, കേപ് എന്‍ജിനീയറിങ് കോളേജ്, അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പള്ളികള്‍, ക്ഷേത്രങ്ങൾ ‍ എന്നിവ ഉള്‍പ്പെടെ നിരവധി പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ജങ്ഷന്റെ ഇരുവശങ്ങളിലുമുണ്ട്. കളര്‍കോട് ജങ്ഷനില്‍ ആര്‍ഇ ബ്ലോക്ക് മതില്‍ നിര്‍മിക്കുന്നത് പ്രദേശവാസികളുടെ ദുരിതം കൂടുതല്‍ രൂക്ഷമാക്കുമെന്ന് എംപി മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സി പ്രതിനിധികളും സംയുക്തമായി സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് സുഗമമായ പ്രവേശന സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇതിനായി കളര്‍കോട് ജംഗ്ഷനിൽ തെക്കുദിശയില്‍ ഉയരപ്പാതയുടെ നീളം നീട്ടുന്നതുള്‍പ്പെടെയുള്ള ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.