Asianet News MalayalamAsianet News Malayalam

'അവരെ തനിച്ചാക്കാതെ ചേർത്തു പിടിക്കുക, അവരും വീട്ടിലിരിക്കട്ടെ'; വൈറലായി കുറിപ്പ്

അന്നന്നത്തേക്ക് മാത്രം അധ്വാനിച്ചു ജീവിക്കുന്ന വർക്ക് ഫ്രം ഹോം എന്നതൊരു സാധ്യത പോലുമല്ലാത്ത മനുഷ്യരെ കുറിച്ചോർക്കണം. വീട്ടിലിരുന്നാൽ കുടുംബം മുഴുവൻ വിശപ്പിലായിപ്പോകുന്ന ബഹുഭൂരിപക്ഷം വരുന്ന ദൈനംദിന ജീവിതങ്ങളെ കുറിച്ച് ലോക്ക് ഡൌണ്‍ സമയത്ത് ഓര്‍ക്കണം

facebook note of infosys employee went viral as he mention few things to remember during lock down
Author
Thiruvananthapuram, First Published Mar 23, 2020, 5:04 PM IST

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൌണിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ വൈറലായി ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍റെ കുറിപ്പ്. ലോക്ക് ഡൌണ്‍ നടപ്പിലാക്കിയ ദില്ലിയിലുള്ള ടാക്സി ഡ്രൈവറുടെ അനുഭവം വിശദമാക്കിയാണ് കുറിപ്പ്. വീട്ടിലിരുന്നാൽ പട്ടിണി ആവുന്ന നീക്കിയിരിപ്പുകൾ ഒന്നുമില്ലാത്ത സാധാരണക്കാരെ കുറിച്ചോർക്കണമെന്ന് കുറിപ്പില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥനായ ഷിബു ഗോപാലകൃഷ്ണന്‍ ആവശ്യപ്പെടുന്നു. 

അന്നന്നത്തേക്ക് മാത്രം അധ്വാനിച്ചു ജീവിക്കുന്ന വർക്ക് ഫ്രം ഹോം എന്നതൊരു സാധ്യത പോലുമല്ലാത്ത മനുഷ്യരെ കുറിച്ചോർക്കണം. വീട്ടിലിരുന്നാൽ കുടുംബം മുഴുവൻ വിശപ്പിലായിപ്പോകുന്ന ബഹുഭൂരിപക്ഷം വരുന്ന ദൈനംദിന ജീവിതങ്ങളെ കുറിച്ച് ലോക്ക് ഡൌണ്‍ സമയത്ത് ഓര്‍ക്കണമെന്ന് കുറിപ്പില്‍ ആവശ്യപ്പെടുന്നു

'ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്, മറ്റു പലര്‍ക്കുമത് ഇല്ലാതാകും'

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


സെൻട്രൽ ദില്ലിയിൽ ആണ്. ഒരു ടെക്കി ടാക്സി വിളിക്കുന്നു. സവാരി കഴിഞ്ഞു ഡ്രൈവർക്കു പണം നൽകിയപ്പോൾ അതുമേടിച്ച അയാൾ പൊട്ടിക്കരയുന്നു.

കഴിഞ്ഞ 48 മണിക്കൂറിലെ അയാളുടെ ആദ്യത്തെ ഓട്ടമായിരുന്നു അത്. ഇന്ന് ഉറപ്പായും ഗ്രോസറി വാങ്ങാമെന്നു അയാൾ ഭാര്യക്ക് ഉറപ്പു നൽകിയിരുന്നു. രണ്ടുദിവസമായി അടുത്ത ഓട്ടത്തിനായി പലയിടങ്ങളിൽ പോയി നിന്നിരുന്നു, അങ്ങനെ മാത്രം 70 കിലോമീറ്റർ ഓടിയത് അയാൾ കാണിച്ചു കൊടുത്തു.

ഇന്നു വായിച്ചതാണ്, 500 രൂപ കൂടി അയാൾക്ക്‌ കൊടുത്തു എന്നുപറഞ്ഞുകൊണ്ടാണ് ആ കുറിപ്പ് അവസാനിക്കുന്നത്.

നമ്മൾ എല്ലാവരോടും വീട്ടിലിരിക്കാൻ ആവശ്യപ്പെടുന്നു. സ്വയം കർഫ്യു പ്രഖ്യാപിക്കുവാൻ ആവശ്യപ്പെടുന്നു. വീട്ടിലിരുന്നാൽ പട്ടിണി ആവുന്ന നീക്കിയിരിപ്പുകൾ ഒന്നുമില്ലാത്ത സാധാരണക്കാരെ കുറിച്ചോർക്കുക. അന്നന്നത്തേക്ക് മാത്രം അധ്വാനിച്ചു ജീവിക്കുന്ന വർക്ക് ഫ്രം ഹോം എന്നതൊരു സാധ്യത പോലുമല്ലാത്ത മനുഷ്യരെ കുറിച്ചോർക്കുക. വീട്ടിലിരുന്നാൽ കുടുംബം മുഴുവൻ വിശപ്പിലായിപ്പോകുന്ന ബഹുഭൂരിപക്ഷം വരുന്ന ദൈനംദിന ജീവിതങ്ങളെ കുറിച്ചോർക്കുക.

നിങ്ങൾക്ക് ഒരു വേലക്കാരനോ വേലക്കാരിയോ ഉണ്ടെങ്കിൽ നിങ്ങൾ വീട്ടിലിരുന്നിട്ട് അവരെ സാധനം മേടിക്കാൻ വിടാതെ ഒരു മാസത്തെ ശമ്പളം മുൻകൂറായി ഏല്പിച്ചിട്ട് അവരോട് വീട്ടിലിരിക്കാൻ പറയുക. ഒരു അത്യാവശ്യത്തിനു എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന ഒരു ഡ്രൈവറോ ഓട്ടോക്കാരനോ നിങ്ങൾക്കുണ്ടെങ്കിൽ അയാൾ നിങ്ങളെയും കൊണ്ടു ഇനി സഞ്ചരിക്കാനിരിക്കുന്ന പത്തുസ്ഥലങ്ങളുടെ പണം മുൻകൂറായി കൊടുക്കുക, ആഴ്ചയിൽ ഒരിക്കൽ വന്നു നിങ്ങളുടെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു തരുന്ന ഒരു ഉന്തുവണ്ടിക്കാരൻ നിങ്ങൾക്കുണ്ടെങ്കിൽ അയാൾക്ക്‌ പത്തു ഉടുപ്പിന്റെ പണം മുൻകൂറായി കൊടുക്കുക.

നമ്മളറിയാതെ ആരൊക്കെയോ ശൂന്യമാവുന്ന തെരുവിന്റെ വക്കിൽ, ആളൊഴിഞ്ഞു കൊണ്ടിരിക്കുന്ന ചന്തയുടെ ഓരത്ത്, തിക്കും തിരക്കും ഒഴിഞ്ഞു കൊണ്ടിരിക്കുന്ന നാൽക്കവലകളിൽ നിൽക്കുന്നുണ്ട്. അവരെ തനിച്ചാക്കാതെ ചേർത്തു പിടിക്കുക. അവരും വീട്ടിലിരിക്കട്ടെ. വീട്ടിലിരിക്കുമ്പോൾ വിശപ്പു വന്നു അവരെയും അവരുടെ വേണ്ടപ്പെട്ടവരെയും കൊത്താതിരിക്കട്ടെ.

Follow Us:
Download App:
  • android
  • ios