Asianet News MalayalamAsianet News Malayalam

ഡ്രൈവിംഗിനിടയിലെ ഉറക്കത്തോട് വാശി കാണിക്കേണ്ട; അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുന്ന സമയത്ത് അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ മിക്ക അപകടങ്ങൾക്കും കാരണം. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ ഉറപ്പായും ഡ്രൈവിം​ഗ് നിർത്തിവയ്ക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 

facebook post of kerala police about road accident
Author
Trivandrum, First Published Feb 22, 2020, 4:18 PM IST

തിരുവനന്തപുരം: ഡ്രൈവിം​ഗിനിടയിലെ ഉറക്കം അപകടം ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വളരെയധികം ശ്രദ്ധ ആവശ്യമുള്ള ജോലിയാണ് ഡ്രൈവർമാരുടേതെന്നും അതുകൊണ്ട് തന്നെ കൂടുതൽ വിശ്രമം ആവശ്യമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുന്ന സമയത്ത് അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ മിക്ക അപകടങ്ങൾക്കും കാരണം. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ ഉറപ്പായും ഡ്രൈവിം​ഗ് നിർത്തിവയ്ക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 

ഉറക്കത്തിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചും ഘട്ടങ്ങളെക്കുറിച്ചും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. -പുലർച്ചെ 2മുതൽ 5 വരെ പുലർച്ചെ രണ്ടു മുതൽ അഞ്ചു വരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ഉച്ചത്തിൽ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഉറക്കമൊഴിച്ച്വാഹനമോടിക്കാമെന്നാണ് മിക്ക ഡ്രൈവർമാരുടെയും ധാരണ. എന്നാൽ ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന ഘട്ടത്തിൽ എത്ര വമ്പനായാലും ഒരു നിമിഷാർദ്ധം ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയായിരിക്കും. പക്ഷേ പൂർണമായി ഉറക്കത്തിലായിരിക്കും. കാൽ അറിയാതെ ആക്സിലറേറ്ററിൽ ശക്തിയായി അമർത്തും.- പോസ്റ്റിൽ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ‍ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം തീരാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. പലപ്പോഴും ഡ്രൈവർ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർ ത്തിവെക്കണം.

നാലു ഘട്ടങ്ങളുള്ള ഉറക്കത്തിന്റെ അവസാന ഘട്ടത്തിൽ ഉറക്കം നമ്മെ കീഴടക്കിയിരിക്കും. പകൽ ഉണർന്നിരിക്കാനും രാത്രിയിൽ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക് ) ശരീരത്തിലുണ്ട്. രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോൾ ഇതിന്റെ പ്രവർത്തനം തെറ്റും. തുടർച്ചയായി വാഹനങ്ങളുടെ ലൈറ്റ് അടിക്കുമ്പോൾ കണ്ണഞ്ചിക്കുന്നത് (ഗ്ലെയർ) കൂടുകയും കാഴ്ച കുറയുകയും (കോൺട്രാസ്റ്റ്) ചെയ്യും. റോഡിലെ മീഡിയൻ, ഹമ്പ്, കുഴികൾ, കട്ടിംഗുകൾ, മുറിച്ചുകടക്കുന്ന ആളുകൾ എന്നിവയൊന്നും കാണാനാവില്ല. വിജനമായ റോഡിലാണെങ്കിലും, വാഹനത്തിനു മുന്നിൽ ഇവ കണ്ടാലും പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. കാൽ ആക്സിലറേറ്ററിൽ അമർത്താൻ സാദ്ധ്യതയേറെയാണ്. സ്റ്റിയറിംഗും പാളിപ്പോകാം.

പുലർച്ചെ രണ്ടിനു ശേഷം ശരീരം ഉറങ്ങാനുള്ള പ്രവണത കാട്ടും. ഉറക്കം കീഴടക്കുമ്പോൾ തലച്ചോറും ഞരമ്പുകളും മരവിപ്പിലാവും. പ്രതികരണശേഷി അതിനാൽ കുറയും. പുലർച്ചെ 2മുതൽ 5 വരെ പുലർച്ചെ രണ്ടു മുതൽ അഞ്ചു വരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ഉച്ചത്തിൽ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഉറക്കമൊഴിച്ച് വാഹനമോടിക്കാമെന്നാണ് മിക്ക ഡ്രൈവർമാരുടെയും ധാരണ. എന്നാൽ ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന ഘട്ടത്തിൽ എത്ര വമ്പനായാലും ഒരു നിമിഷാർദ്ധം ഉറങ്ങിപ്പോകും. കണ്ണ് തുറന്നിരിക്കുകയായിരിക്കും. പക്ഷേ പൂർണമായി ഉറക്കത്തിലായിരിക്കും. കാൽ അറിയാതെ ആക്സിലറേറ്ററിൽ ശക്തിയായി അമർത്തും.

ഉറക്കത്തിന്റെ നാല് ഘട്ടങ്ങൾ
ഘട്ടം-1:ചെറിയ മയക്കം പോലെ. കണ്ണുകൾ ക്രമേണ അടഞ്ഞ് വിശ്രമാവസ്ഥയിലാവും. ബോധ മനസായതിനാൽ വേഗം ഉണരാം.
ഘട്ടം-2: കണ്ണുകളുടെ ചലനം കുറഞ്ഞ് ഉറക്കം അഗാധമാവും. തലച്ചോറിൽ നിന്നുള്ള തരംഗ പ്രവാഹം സാവധാനത്തിലാവും.
ഘട്ടം-3: ബോധമനസിന്റെ പ്രവർത്തനം നിലച്ചുതുടങ്ങും. തലച്ചോറിൽ നിന്നുള്ള ഡെൽറ്റാ തരംഗങ്ങളുടെ പ്രവാഹം ദുർബലമാവും.
ഘട്ടം-4: കണ്ണുകളുടെ ചലനം നിലയ്ക്കും. കണ്ണു തുറന്നിരുന്ന് നല്ല ഉറക്കത്തിലാവും.

രാത്രികാല ഡ്രൈവിംഗിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ടത്:

1. അതിവേഗം: രാത്രിയാത്രയിൽ അമിതവേഗത്തിനുള്ള പ്രവണത കൂടും. ദൂരക്കാഴ്ച കുറവായതിനാൽ ബ്രേക്കിംഗ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്
2. ലൈറ്റിൽ നോട്ടം: ഉറങ്ങാതിരിക്കാൻ എതിർദിശയിലെ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിൽ നോക്കി വാഹനമോടിക്കുന്ന ശീലം നന്നല്ല. ഇത് കണ്ണിന്റെ കാര്യക്ഷമത കുറയ്ക്കും
3. അമിത ഭക്ഷണം: വയറു കുത്തിനിറച്ച് ഭക്ഷണം കഴിച്ച് വാഹനമോടിക്കരുത്. സദ്യയുണ്ടശേഷം വാഹനമോടിക്കുമ്പോഴും ശ്രദ്ധവേണം
4. പുകവലി: ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കരുത്. ഉറക്കംവരാതിരിക്കാൻ മുറുക്കുന്നതും ചുണ്ടിനിടയിൽ പുകയില വയ്ക്കുന്നതും നന്നല്ല, മയക്കമുണ്ടാക്കുന്ന മരുന്നുകൾ രാത്രിയാത്രയിൽ ഉപയോഗിക്കരുത്. ജലദോഷത്തിനും ചുമയ്ക്കുമുള്ള മരുന്നു പോലും ഉറക്കം വരുത്തും. ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.

 

 

Follow Us:
Download App:
  • android
  • ios