ഭാഷാ അടിസ്ഥാനത്തിൽ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്.
തിരുവനന്തപുരം: ഭാഷാ അടിസ്ഥാനത്തിൽ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
തലസ്ഥാനത്തെ ആഘോഷ പരിപാടികൾ
കേരളപ്പിറവിയുടെ എഴുപതാം വാർഷിക ആഘോഷ നിറവിൽ തലസ്ഥാനത്ത് മാതൃഭാഷാ സ്നേഹവും ജനാധിപത്യ ഓർമ്മകളും സംഗമിക്കുന്ന വിപുലമായ പരിപാടികൾക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ വച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച മുൻ നിയമസഭാംഗം എം.ജെ. ജേക്കബിനെയും വിശിഷ്ടമായി ആദരിക്കും.ഇതോടൊപ്പം നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന എട്ടുദിവസം നീണ്ടുനിൽക്കുന്ന പുസ്തക പ്രദർശനവും രാവിലെ 9:15-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങൾക്ക് കൂടുതൽ മധുരം പകർന്ന് 2026ലേക്കുള്ള മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാര പ്രഖ്യാപനവും ഇന്ന് നടക്കും.




