തിരുവനന്തപുരം: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി പത്രസമ്മേളനം നടത്തിയ നരേന്ദ്രമോദിയെ ട്രോളി മന്ത്രി എംഎം മണി. മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോൾ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാതിരുന്നപ്പോഴാണ് അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ലെന്ന് മനസിലായതെന്ന് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.   

അഞ്ച് വർഷത്തെ ഭരണകാലയളവിൽ പ്രധാനമന്തി നരേന്ദ്ര മോദി നടത്തിയ ആദ്യത്തെ വാർത്താ സമ്മേളനമായിരുന്നു ഇന്നത്തേത്. എന്നാല്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒന്നിന് പോലും മോദി മറുപടി പറഞ്ഞില്ല. 'പാർട്ടി അധ്യക്ഷൻ സംസാരിക്കുമ്പോൾ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങൾക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മോദി പറഞ്ഞത്.  

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയാത്തതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരത്തെ മോദിയെ ട്രോളി രംഗത്തെത്തിയിരുന്നു. അഭിനന്ദനങ്ങള്‍ മോദിജി,  അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.