Asianet News MalayalamAsianet News Malayalam

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയോ? പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ

വി ശിവന്‍കുട്ടിയൊക്കെ എന്നെ പരിസഹിക്കുന്നതിന് മുമ്പ് ബിജെപി പിന്തുണയോടെയാണ് പനച്ചിക്കാട് പഞ്ചായത്ത് സിപിഎം ഭരിക്കുന്നതെന്ന് മറക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

fact behind Thiruvanchoor Radhakrishnan meets rss leaders in seva bharathi office controversy
Author
Kottayam, First Published Oct 18, 2020, 9:00 PM IST

കോട്ടയം: കഴിഞ്ഞ രണ്ട് ദിവസമായി കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ സോഷ്യല്‍ മീഡിയയില്‍ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിക്കുന്നു, കോണ്‍ഗ്രസ് - ആര്‍എസ്എസ് ബന്ധത്തിന് പുതിയ തെളിവെന്ന തലക്കെട്ടോടെയായിരുന്നുു ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ തന്നെ ആക്ഷേപിക്കുന്ന സിപിഎമ്മുകാരോട്, ആദ്യം ബിജെപി പിന്തുണയോടെ ഭരിക്കുന്ന സിപിഎമ്മിന്‍റെ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്‍റിനെ രാജിവയ്പ്പിക്കൂ എന്നാണ് തിരുവഞ്ചൂരിന് പറയാനുള്ളത്. 

'താന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയിട്ടില്ല, തന്‍റെ മണ്ഡലത്തിലെ പനച്ചിക്കാട് ക്ഷേത്രത്തിലെ നവമി ഉത്സവത്തിന്‍റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ സേവാ ഭാരതിയുടെ അന്നദാന മണ്ഡപത്തില്‍ പോയിരുന്നു'. അതിന്‍റെ ദൃശ്യങ്ങളാണ് ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് തീരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

വി ശിവന്‍കുട്ടിയൊക്കെ എന്നെ പരിസഹിക്കുന്നതിന് മുമ്പ് ബിജെപി പിന്തുണയോടെയാണ് പനച്ചിക്കാട് പഞ്ചായത്ത് സിപിഎം ഭരിക്കുന്നതെന്ന് മറക്കരുത്. കൂട്ടുകച്ചവടം സിപിഎമ്മും ബിജെപിയും തമ്മിലാണ്. 23 മെമ്പര്‍മ്മാരാണ് അവിടെയുള്ളത്. സിപിഎമ്മിന് എട്ട് സീറ്റും സിപിഐക്ക് രണ്ട് സീറ്റും ഉണ്ട്. ബിജെപിക്ക് നാല് സീറ്റുണ്ട്. ഈ പതിനാല് സീറ്റ് വച്ചാണ് അവര് പഞ്ചായത്ത് ഭരിക്കുന്നത്. എന്തെങ്കിലും പറയുന്നതിന് ഒരു ക്രഡിബിലിറ്റി വേണ്ടേ - തിരുവഞ്ചൂര്‍ ചോദിക്കുന്നു. 'കൂടണയും വരെ കൂടെയുണ്ട്. '' കൂട് '' സംഘപരിവാർ കാര്യാലയത്തിനുള്ളിലാണെന്ന് മാത്രം...! നേമം മണ്ഡലത്തിലെ RSS കാര്യാലയങ്ങളിൽ മാത്രമല്ല തങ്ങൾക്ക് " പിടിപാടുള്ളത് " എന്ന് കോൺഗ്രസ്സ് തെളിയിച്ചു' എന്നായിരുന്നു തിരുവഞ്ചൂരിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സിപിഎം നേതാവ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്

പനച്ചിക്കാട് അമ്പലത്തിലെ അന്നദാന മണ്ഡപമാണ് ചിത്രത്തിലുള്ളതെന്ന് തിരുവഞ്ചൂര്‍. നാനാ ജാതി ആളുകളെത്തുന്ന അമ്പലമാണ്. അവിടെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനാണ് പോയത്. അനന്ദാന മണ്ഡപത്തില്‍ ചെല്ലണം എന്ന് പറഞ്ഞത് കൊണ്ട് ആണ് പോയത്. അവിടെ അന്നദാനം നടത്തുന്നത് സേവാഭാരതിക്കാരാണ്. അതാണിപ്പോ പ്രശ്നം. സേവാഭാരതിക്കാരെക്കൊണ്ട് കൊവിഡിന് ഭക്ഷണം കൊടുക്കുന്നതിന് പ്രശ്നമില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം കൊടുത്ത് സേവാഭാരതി ആണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്.

അമ്പലത്തിന്‍റെ സ്ഥലമാണ് അവിടെ.  ഉത്സവത്തോട് അനുബന്ധിച്ച് അവിടെ 10 ദിവസത്തേക്ക് സൌജന്യ ഭക്ഷണമുണ്ട്.  കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആണ് ഭക്ഷണം കൊടുക്കുന്നത് എന്ന് കാണിക്കാനാണ് എന്നെ അങ്ങോട്ട് വിളിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഒരുക്കിയ സൗകര്യങ്ങൾ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്  ബാബുകുട്ടി ഈപ്പൻ, പനച്ചിക്കാട് പഞ്ചായത്ത് മെമ്പർ .എബിസൺ കെ എബ്രഹാം, ക്ഷേത്ര ഭാരവാഹികൾ എന്നിവരോടൊപ്പം ആണ് കണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios