പാട്ടത്തുക കുടിശിഖ വരുത്തിയതിന്, ഫാക്ട് കോംപൗണ്ടിലുള്ള കെട്ടിടം ഉടൻ ഒഴിയണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ മാനേജ്മെൻ്റിന് ഫാക്ട് നോട്ടീസ് നൽകിയത്. 

കൊച്ചി: പരീക്ഷാ സമ്മർദ്ദങ്ങള്‍ക്കിടെ, ഏലൂരിലെ ഇരുനൂറിലധികം സ്കൂൾ വിദ്യാർത്ഥികളുടെ ഭാവി ഇരുളിലാഴ്ത്തിയിരിക്കുകയാണ് ഫാക്ട് മാനേജ്മെൻ്റ് (FACT Management). പാട്ടത്തുക കുടിശിഖ വരുത്തിയതിന്, ഫാക്ട് കോംപൗണ്ടിലുള്ള കെട്ടിടം ഉടൻ ഒഴിയണമെന്നാവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ എങ്ങോട്ട് പോകണം എന്നറിയാതെ ആശങ്കയിലാണ് യുകെജി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍.

ദേശീയ സൈക്കിൾ പോളോ ചാപ്പൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരളാ ടീമംഗങ്ങളായ അനഘയും ലിയോണയും ഈ സ്കൂളിലാണ് പഠിക്കുന്നത്. നേട്ടങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴും അടുത്ത അധ്യയന വർഷം എവിടെ പഠിക്കും എന്ന കടുത്ത ആശങ്കയിലാണ് ഈ കുട്ടികൾ. ഇവർ പഠിക്കുന്ന ടൗൺഷിപ്പ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഫാക്ട് കോംപൗണിലാണ്. 2014 ലാണ് ഫാക്ടിലെ ജീവനക്കാരുടെ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുന്നത്. വര്‍ഷം ആറ് ലക്ഷം രൂപ ഫാക്ടിന് പാട്ടത്തുക നല്‍കണം എന്നാിരുന്നു വ്യവസ്ഥ. പ്രളയം, കൊവിഡ് എന്നിവ വന്നതോടെ സാമ്പത്തിക പ്രതിസന്ധിയായി. ആകെയുള്ള വരുമാനം വിദ്യാര്‍ത്ഥികളുടെ ഫീസ് മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പലര്‍ക്കും ഫീസ് നല്‍കാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാട്ടത്തുക നല്‍കാനാവുന്നില്ല. ഇതോടെ കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് ഫാക്ട്, സ്കൂളിലും കോപൗണ്ടിലിലും നോട്ടീസ് പതിച്ചു.

മറ്റൊരു മാനേജ്മെന്റിന് സ്കൂള്‍ കൈമാറുമെന്ന ഫാക്ടിന്‍റെ വാദവും കള്ളമെന്ന് നോട്ടീസ് തെളിയിക്കുന്നു. കെട്ടിടം ഒഴിയുമ്പോള്‍ കുട്ടികളും രക്ഷിതാക്കളും മറ്റ് വഴികള്‍ തേടണം എന്ന് നോട്ടീസില്‍ കൃത്യമായി പറയുന്നുണ്ട്.

YouTube video player

അച്ഛനും അമ്മയും ആശുപത്രിയില്‍, കുട്ടികളെ പുറത്തിറക്കിവിട്ട് ജപ്തി; പൂട്ട് പൊളിച്ച് മാത്യൂ കുഴല്‍നാന്‍ എംഎല്‍എ

വീട്ടിലെ ഗൃഹനാഥന്‍ ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയുള്ള അര്‍ബന്‍ ബാങ്കിന്‍റെ ജപ്തി നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു അര്‍ബന്‍ ബാങ്കിന്‍റെ ജപ്തി നടപടി. ഈ സമയത്ത് നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തുടര്‍ന്ന് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റുകയായിരുന്നു. ബാങ്ക് നടപടി നീട്ടിവെയ്ക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ച് നോക്കിയിരുന്നെങ്കിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ജപ്തി ചെയ്ത് അധികൃതര്‍ പോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുഴല്‍നാടന്‍ എംഎല്‍എ വീടിന്‍റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്ത് കയറ്റി.

ഒരു ലക്ഷം രൂപയായിരുന്നു അജേഷ് അര്‍ബന്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നത്. ഹൃദ്രോഗം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. ബാങ്കിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥന് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു.

Also Read: കുട്ടികളെ പുറത്തിറക്കിവിട്ട് ജപ്തി; 'ഈ അവസ്ഥ മറ്റാര്‍ക്കുമുണ്ടാകരുത്'; വേദനയോടെ കുടുബം പറയുന്നു