ഭൂമിയുടെ ന്യായവില വർധന; തൊടുപുഴ വെളിയാമറ്റം പഞ്ചായത്തിൽ വിപണി വിലയേക്കാൾ കൂടുതൽ ന്യായവില, സമരത്തിന് നാട്ടുകാർ
ന്യായവില കുറയ്ക്കാനുള്ള നടപടി തുടങ്ങിയെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ വിശദീകരണം

ഇടുക്കി : ഭൂമിയുടെ ന്യായവില കൂട്ടാനുള്ള ബജറ്റ് പ്രഖ്യാപനം തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിന് നല്‍കിയത് ഇരട്ടി പ്രഹരമാണ്. വിപണിവിലയേക്കാള്‍ കൂടുതലുള്ള ന്യായവിലക്കെതിരെ പോരാടുന്ന നാട്ടുകാര്‍ ഇതോടെ പ്രത്യക്ഷസമരമെന്ന നിലപാടെടുത്തുകഴിഞ്ഞു. പരാതികള്‍ പരിശോധിക്കുന്നുണ്ടെന്നാണ് റവന്യുവകുപ്പിന്റ വിശദീകരണം
തൊടുപുഴ ഇളംദേശം സ്വദേശി തോമസ് അരയേക്കര്‍ ഭൂമി വാങ്ങുന്നത് 5 ലക്ഷം രൂപക്ക്. രജിസ്റ്റർ ചെയ്യാന്‍ മുദ്രപത്രത്തിനായി മുടക്കിയത് രണ്ട് ലക്ഷം രൂപ. ഇതിനെതിരെ ജില്ലാ കളക്ടറെ അടക്കം സമീപിച്ച തോമസ് മടുത്ത് പിന്‍വാങ്ങി. വെള്ളിയാമറ്റം വില്ലേജിലെ മുഴുവൻ സ്ഥലങ്ങളിലും ന്യായവില മാർക്കറ്റ് വിലയേക്കാല്‍ കൂടുതലാണ്. തൊടുപുഴ നഗരത്തില്‍ പോലും ഇത്ര വലിയ ന്യായവിലയില്ല.ഇതുകൊണ്ട് ഭൂമിയുടെ രജിസ്ട്രേഷന്‍ പോലൂം ഇപ്പോള്‍ നടക്കുന്നില്ല
ഈ ബജറ്റ് പ്രഖ്യാപനത്തിലെ 20 ശതമാനം കൂടി കുട്ടുമെന്നായതോടെ പരാതി പ്രവാഹമാണ് പഞ്ചായത്തിലേക്ക്. സര്‍വകക്ഷിയോഗം വിളിച്ച് സമരമെന്ന തീരുമാനത്തിലേക്ക് പഞ്ചായത്ത് എത്തികഴിഞ്ഞു. അതേസമയം ന്യായവില കുറക്കാനുള്ള നടപടി തുടങ്ങിയെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ വിശദീകരണം