തിരുവനന്തപുരം: ടിപി സെൻകുമാറിന്‍റെ പരാതിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസെടുക്കാനുള്ള സാഹചര്യമോ എന്തിന് കേസെടുത്തെന്നോ അറിയില്ലെന്നും ഡിജിപി കോഴിക്കോട്ട് പറ‍ഞ്ഞു. 

അന്വേഷണത്തിലിരിക്കുന്ന കാര്യമാണ്. കമ്മീഷണറാണ് കേസിന്‍റെ കാര്യങ്ങൾ നോക്കുന്നത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ബാക്കി അന്വേഷിക്കാമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. 

തിരുവനന്തപുരം പ്രസ്ക്ലബിൽ വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ചതിനാണ് സെൻകുമാര്‍ കടവിൽ റഷീദിനെ പരസ്യമായി അപമാനിക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇത് എല്ലാവരും ലൈവായി കണ്ടതുമാണ്. മാധ്യമപ്രവര്‍ത്തകനെ പ്രസ്ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പിൽ മെസേജിട്ടതിനിനാണ് പിജി സുരേഷ് കുമാറിനെതിരെ കേസ്. 

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്തതിനും വാദിയെ പ്രതിയാക്കുന്ന പൊലീസ് നടപടിക്കും എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഒന്നും അറിയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം.