കൊച്ചി: കർദിനാളിനെതിരായ വ്യാജരേഖാ കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തേ അറസ്റ്റിലായ ആദിത്യന്‍റെ സുഹൃത്ത് വിഷ്ണു റോയ് ആണ് കസ്റ്റഡിയിലുള്ളത്. കേസുമായി ബന്ധപ്പെട്ട രേഖകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. കർദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കാൻ ആദിത്യനെ സഹായിച്ചെന്ന് കരുതുന്ന വിഷ്ണു റോയിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കാൻ വിഷ്ണു റോയി സഹായിച്ചെന്നാണ് വിവരം. നേരത്തേയുളള ചോദ്യം ചെയ്യലിൽ ചില മൊഴികൾ ഇയാൾക്കെതിരെ പൊലീസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലെത്തിയ കൊച്ചിയിൽ നിന്നുളള പൊലീസ് സംഘം വിഷ്ണു റോയിയെ കസ്റ്റഡിയിൽ എടുത്തത്. 

വ്യാജരേഖ നിർമ്മിച്ചതെന്ന് കരുതുന്ന കമ്പ്യൂട്ടറും നേരത്തേ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ പ്രധാന പ്രതികളായ ഫാ. പോൾ തേലക്കാട്, ഫാ. ആന്‍റണി കല്ലൂക്കാരൻ എന്നിവർക്ക് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.