കൊച്ചിയിൽ വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്താരാഷ്ട്ര ബന്ധങ്ങൾ കണ്ടെത്താൻ 15 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഗാസിയാബാദിൽ നിന്ന് പിടികൂടിയ മുഖ്യപ്രതി നജീബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൊച്ചി: കൊച്ചിയിൽ അവയവക്കച്ചവടത്തിനായി വ്യാജരേഖകൾ ചമച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കൊച്ചി സിറ്റി പോലീസ്. അമ്പലമേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിലെ അന്താരാഷ്ട്ര ബന്ധങ്ങളും ഉന്നതതലത്തിലുള്ള ഗൂഢാലോചനകളും പുറത്തുകൊണ്ടുവരുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദിൽ നിന്ന് പൊലീസ് പിടികൂടിയ മുഖ്യപ്രതി നജീബ് കല്ലട്രയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ മൂന്നുവർഷമായി അനധികൃത അവയവദാന ഇടപാട് ശൃംഖലയുടെ ഭാഗമെന്നാണ് പൊലീസ് പറയുന്നത്. നജീബിൻ്റെ ഇടപെടലിൽ നടന്ന പത്തിലേറെ അവയവദാനങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. നജീബ് സാമ്പത്തിക തട്ടിപ്പടക്കം 12 കേസുകളിൽ പ്രതിയെന്ന വിവരവും പൊലീസിന് കിട്ടി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറാണ് 15 അംഗ അന്വേഷണ സംഘത്തിന് കേസിൻ്റെ അന്വേഷണ ചുമതല കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഷെഹിൻഷായുടെയും തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മനോജ്‌കുമാറിൻ്റെയും നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. അമ്പലമേട്, ഇൻഫോപാർക്ക്, ഉദയംപേരൂർ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, 4 സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
അമ്പലമേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 126/2026 പ്രകാരമാണ് അന്വേഷണം നടക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 336(2), 337, 339, 341(2), 341(3), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അവയവ കൈമാറ്റത്തിനായി ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചു എന്നതാണ് പ്രധാന കുറ്റം. അവയവക്കച്ചവട റാക്കറ്റിലെ അന്തർദേശീയ, അന്തർസംസ്ഥാന കുറ്റവാളികളെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിൻ്റെ പ്രധാന ലക്ഷ്യം. നിയമവിരുദ്ധമായ ഈ ഇടപാടുകൾക്ക് സഹായം നൽകുന്ന ആശുപത്രികളെയും മറ്റ് സ്ഥാപനങ്ങളെയും കണ്ടെത്തുന്നതിനൊപ്പം ഇടനിലക്കാരായി പ്രവർത്തിക്കുന്ന വ്യക്തികളെയും അവർക്ക് സഹായം നൽകുന്ന ഉദ്യോഗസ്ഥരെയും കണ്ടുപിടിക്കേണ്ടതുണ്ട്. അടിയന്തര നടപടികളിലൂടെ ഈ മാഫിയയുടെ വേരറുക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് പറയുന്നത്.


