Asianet News MalayalamAsianet News Malayalam

വ്യാജ എഞ്ചിനീയര്‍ പഞ്ചായത്തില്‍ ജോലി ചെയ്തത് നാല് വര്‍ഷം; പരാതി ഉയർന്നപ്പോൾ രാജിവെച്ചു

 4 വർഷം 17 കോടി വരുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയത് ഇയാളുടെ നേതൃത്വത്തിലാണ്. 13 ലക്ഷത്തിലേറെ ശമ്പളം വാങ്ങുകയും ചെയ്തു.

fake engineer worked in kaniyambetta panchayath for four years
Author
Wayanad, First Published Jul 20, 2020, 8:32 AM IST

വയനാട്: വ്യാജ എന്‍ജിനീയറിംഗ് സർട്ടിഫിക്കറ്റ് കാണിച്ച് പഞ്ചായത്തിന്‍റെ തൊഴിലുറപ്പ് പദ്ധതിയില്‍ യുവാവ് എൻജിനീയറായി ജോലി ചെയ്തത് നാല് വർഷം. വയനാട് കണിയാമ്പറ്റ പഞ്ചായത്താണ് യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചത്. പരാതികൾ ഉയർന്നതിനെ തുടർന്ന് രാജിവെച്ചെങ്കിലും യുവാവിനെതിരെ കേസ് നൽകാൻ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് തയ്യാറായിട്ടില്ല.

2015 മുതൽ 2019 വരെയാണ് കമ്പളക്കാട് സ്വദേശി ഹർഷൽ പി കെ കണിയാമ്പറ്റ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി എൻജീനിയറായി ജോലി നോക്കിയത്. ഭരണസമിതിയാണ് ഇയാളുടെ നിയമനം നടത്തിയത്. 4 വർഷം 17 കോടി വരുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയത് ഇയാളുടെ നേതൃത്വത്തിലാണ്. ബിടെക് അടിസ്ഥാന യോഗ്യതയായ തസ്തികക്ക് ഹർഷൽ നൽകിയ വിദ്യാഭ്യാസ യോഗ്യതാ രേഖകൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ ചോദ്യത്തിന് ലഭ്യമല്ലെന്നാണ് പഞ്ചായത്തിന്‍റെ മറുപടി. കാലാവധി കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടെ നിയമനം പുതുക്കി നൽകുകയും ചെയ്തു.

യോഗ്യത സംബന്ധിച്ച് പരാതി ഉയർ‍ന്നതിന് പിന്നാലെ ഹർഷൽ രാജിവെച്ചു. രേഖകളിൽ സംശയമുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നുണ്ടെങ്കിലും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. മുൻ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണ് വ്യാജരേഖ സമർപ്പിച്ച് ജോലി ചെയ്തതെന്ന് കാണിച്ച് വിജിലൻസിനും മുഖ്യമന്ത്രിക്കും ഡിവൈഎഫ്ഐ പരാതി നൽകി. എന്നാൽ പരാതിയെ കുറിച്ച് അറിയില്ലെന്നും ബിടെക് പൂർത്തിയാക്കിയെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയിരുന്നില്ലെന്നായിരുന്നു ഹർഷലിന്‍റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios