തിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തികളിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമ്മിച്ച് ഏജൻസികളിൽ നിന്ന് പണം തട്ടുന്നതായി പരാതി. സമ്മാനാർഹമായ നമ്പറുകൾ വ്യാജമായി ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ലോ‍ട്ടറി വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ ദിവസം ഉദിയൻകുളങ്ങര, കളിയിക്കാവിള തുടങ്ങിയ പ്രദേശങ്ങളിലായി പതിനായിരം രൂപയിലധികം സംഘം തട്ടിയെടുത്തിരുന്നു. ഉദിയൻകുളങ്ങരയിലെ മഹാദേവ ലക്കി സെന്ററിൽ നിന്ന് കാരുണ്യ ലോട്ടറിക്ക് ലഭിച്ച സമ്മാനത്തുക തട്ടിയെടുത്തതാണ് ഏറ്റവും ഒടുവിലായ റിപ്പോർട്ട് ചെയ്ത സംഭവം. സമ്മാനാർഹമായ നമ്പരുകൾക്ക് സമാനമായ നമ്പരുകൾ വ്യാജമായി ഉണ്ടാക്കി ഏജൻസികളിൽ നിന്ന് പണം തട്ടുകയാണ് പതിവ്. 100 രൂപ മുതൽ 1000 രൂപ വരെയുള്ള സമ്മാനത്തുകകളിലാണ് തട്ടിപ്പ് നടത്തുന്നത്.

ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പു നടത്തുന്നത്. ബാർകോഡ് പരിശോധന ഉൾപ്പെടെ നടത്തില്ലെന്ന സാധ്യതയുള്ളതിനാലാണ് സംഘം ചെറുകിട വ്യാപാരികളെ ലക്ഷ്യമിടുന്നത്.