ആലപ്പുഴ: കൊറോണ ബാധിതനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിൽ. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വ്യാജ വാട്സ്ആപ്പ് സന്ദേശം ഫോർവേഡ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചിരുന്നു. വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദ്ദേശം. ഇതിനു വേണ്ട നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് വിവരം.