മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അബ്ദുൾ സലാം അന്വേഷണം നടത്തും. അടിയന്തര റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം. വീഴ്ച വരുത്തിയ താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് ഒഴിവാക്കി. 

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വീഴ്കളെ സംബന്ധിച്ച് അന്വേഷണം നടത്താൻ ആരോ​ഗ്യമന്ത്രിയുടെ നിർദ്ദേശം. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അബ്ദുൾ സലാം അന്വേഷണം നടത്തും. അടിയന്തര റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദ്ദേശം. വീഴ്ച വരുത്തിയ താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് ഒഴിവാക്കി. 

ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് നൽകിയതാണ് നടപടിക്ക് ആസ്പദമായ സംഭവം. ഇന്നലെ അറിയിച്ചതുപ്രകാരം മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് കായംകുളം പള്ളിക്കൽ സ്വദേശി രമണൻ ജീവനോടെയുണ്ടെന്ന് വീട്ടുകാർക്ക് മനസ്സിലായത്. ഗുരുതര വീഴ്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാത്രിയോടെയാണ് രമണൻ മരിച്ചെന്ന അറിയിപ്പ് മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കൾക്ക് കിട്ടിയത്. മൃതദേഹം ഏറ്റുവാങ്ങാൻ രാവിലെ തന്നെ എത്തണമെന്നും അറിയിച്ചു. ഇതിനിടെ, കൊവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ രമണന്‍റെ പള്ളിക്കലിലെ വീട്ടിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പൂർത്തിയാക്കി. എന്നാൽ ആംബുലൻസുമായി വീട്ടുകാർ രാവിലെ ആശുപത്രിയിലെത്തിയപ്പോൾ കഥ മാറി.

കൊവിഡ് രോഗികൾ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കളെ കൃത്യമായി അറിയിക്കാതെ ഇരിക്കുക, മൃതദേഹങ്ങൾ മാറി നൽകുക, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതര വീഴ്ചയുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് രമണന്‍റെ ബന്ധുക്കൾ നേരിട്ട ദുരവസ്ഥ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona