പണം തട്ടിയെടുത്തെന്ന വ്യാജ പരാതി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചിട്ടി പണം കൈയിൽ നിന്ന് ചെലവായപ്പോൾ കവർച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി

തിരുവനന്തപുരം: പണം തട്ടിയെടുത്തെന്ന വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിലായി. കൊല്ലം തൃക്കരവൂർ സ്വദേശി സലീമിനെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകരയിൽ നിന്ന് വർക്കലയിലേക്ക് സവാരി വിളിച്ച മൂന്നംഗസംഘം തന്നെ മർദ്ദിച്ച് ഓട്ടോയും അതിലുണ്ടായിരുന്ന ഒൻപത് ലക്ഷം രൂപയും കവർന്നെന്നായിരുന്നു സലീമിന്റെ പരാതി. അക്രമികളുടെ മർദ്ദനമേറ്റ് താൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും സലീം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. നീണ്ടകരയിൽ നിന്ന് വർക്കലയിലേക്ക് സലീം ഓട്ടോയിൽ ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. സലീം നടത്തിയിരുന്ന ചിട്ടിയുടെ ഭാഗമായി മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഓണത്തിന് നൽകേണ്ടിയിരുന്ന തുക കൈയിൽ നിന്ന് ചെലവായിപ്പോയതോടെയാണ് കവർച്ചാ നാടകം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ പരാതി നൽകിയതിനും സലീമിനെതിരെ പോലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player