തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് പുറത്തു പോയ സമയത്ത് അദ്ദേഹത്തിന്റെ വ്യാജഒപ്പിട്ട് സെക്രട്ടേറിയറ്റിൽ നിന്നും ഫയൽ പാസാക്കിയെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. 2018 സെപ്തംബറിൽ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയ സമയത്താണ് ഫയലിൽ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതെന്ന് സന്ദീപ് വാര്യാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സന്ദീപ് വാര്യരുടെ വാക്കുകൾ -

2018 സെപ്തംബർ 2 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി. തിരിച്ചു വരുന്നത് സെപ്റ്റംബർ 23 -നാണ്. സെപ്തംബർ 3 ന് പൊതുഭരണ വകുപ്പിൽ നിന്ന് മലയാള ഭാഷയുമായി ബന്ധപ്പെട്ട ഒരു ഫയൽ വന്നു. സെപ്തംബർ 9 ന് മുഖ്യമന്ത്രി ആ ഫയലിൽ ഒപ്പു വച്ചതായി കാണുന്നു.13 നു ഫയൽ തിരിച്ചു പോയി. ഈ സമയത്ത് കേരള മുഖ്യമന്ത്രി അമേരിക്കയിലാണ്. അപ്പോൾ ഇവിടെ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ. ഈ വിവാദ ഫയലിൽ ഒപ്പിട്ടത് ശിവശങ്കറോ അതോ സ്വപ്നയോ..? 

മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ള ഒപ്പിടുന്ന ആൾ ഉണ്ടോ ?  ഇരട്ട ചങ്കുണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി ഒരു ചങ്ക് ഇവിടെ വച്ച് പോയതാണോ? സംസ്ഥാനത്തിൻ്റെ ഭരണത്തലവനായ മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇടുക എന്ന ഗുരുതര കുറ്റമാണ് ഇവിടെ നടന്നത്. ആരാണ് ഈ ഒപ്പിട്ടത്. 

മുഖ്യമന്ത്രിയുടെ അറിവോട് കൂടി എന്നെഴുതിയ ശേഷം ചീഫ് സെക്രട്ടറി ഫയലിൽ ഒപ്പിടുന്നതാണ് കീഴവഴക്കം. ഇതിനു ശേഷമാണ് എം വി ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത് അത് എന്ത് കൊണ്ട് എന്ന് അറിയില്ല. എല്ലാം ഇ-ഫയൽ എന്നാണ് പറഞ്ഞിരുന്നത്. ഇനി മുഖ്യമന്ത്രിക്ക് ഒപ്പിടാൻ അറിയാത്തത് കൊണ്ടാണോ ഈ സംവിധാനം. അതോ ഇതെല്ലാം പാർട്ടി അറിഞ്ഞിട്ടുണ്ടോ ? സ്വന്തം ഓഫിസിൽ മുഖ്യമന്ത്രിയുടെ ഫയലിൽ മറ്റൊരാൾ ഒപ്പിടുക എന്ന് പറഞ്ഞാൽ എന്താണ് അവസ്ഥ.

മുഖ്യമന്ത്രി രാജി വയ്ക്കേണ്ട ഗുരുതര കുറ്റകൃത്യമാണിത്. ഇത്  ഡിജിറ്റൽ സിഗ്‌നേച്ചർ അല്ല. ഈ നാലര വർഷക്കാലം ഇങ്ങനെ എത്ര വ്യാജഒപ്പുകൾ ഇട്ടിട്ടുണ്ടാവും. ലൈഫ് പദ്ധതിയിൽ വ്യാജഒപ്പാണോ എന്നും പരിശോധിക്കേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രി ഫയൽ കൊണ്ടുപോയതല്ല അങ്ങനെ കൊണ്ട് പോവാൻ പാടില്ലതാനും. 

കഴിഞ്ഞ നാലര വർഷത്തിനിടെ മുഖ്യമന്ത്രി ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധിക്കണം. മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണോ ഫയലുകളിൽ ഒപ്പിടുന്നതെന്നും വ്യക്തമാകണം. നിരവധി പ്രധാനപ്പെട്ട ഫയലുകളിൽ ഇങ്ങനെ ഒപ്പിട്ടിരിക്കാൻ സാധ്യതയുണ്ട്. ശിവശങ്കർ പറയുന്ന പോലെ ഒന്നും അറിയാത്ത ആളാണോ പിണറായി. പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് പറയുന്നത് പോലെ തിയതി നോക്കാതെ ഇട്ടതാണ് അത് പിടിക്കപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതു വരെ കേട്ടിട്ടുണ്ടോ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വ്യാജഒപ്പിട്ട് ഫയൽ വരുന്നത്?. 

മുഖ്യമന്ത്രിയുടെ ഒപ്പും ഇപ്പോൾ വിൽപ്പനക്ക് വെച്ചിരിക്കുന്നു. കേരളം ഭരിക്കുന്നത് പിണറായി വിജയൻ അല്ല പിണറായി വ്യാജൻ ആണ്. സ്വന്തം ഓഫീസ് പോലും നല്ല രീതിയിൽ കൊണ്ടു നടക്കാൻ അറിയാത്ത മുഖ്യമന്ത്രി ഇനി എങ്ങനെയാണ് അധികാരത്തിൽ തുടരുക. അഭ്യന്തരവകുപ്പിൻ്റെ ചുമതല വഹിക്കുന്നയാളാണ് മുഖ്യമന്ത്രി എന്നിരിക്കെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഫയലുകളിലും ഇങ്ങനെ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും സന്ദീപ് വാര്യർ ആരോപിക്കുന്നു.