വാട്ടര്‍ അതോറിറ്റിയില്‍ വ്യാജ ചികില്‍സാ ബിൽ; പണം തട്ടിയെടുത്തവരിൽ ഉന്നത ഉദ്യോഗസ്ഥരും,പണം തിരിച്ചുപിടിച്ചേക്കും
ഏറ്റവും ഉയര്‍ന്ന തസ്തികയുള്ള ഉദ്യോഗസ്ഥന്‍ വരെ പണം തട്ടിയവരില്‍ ഉള്‍പ്പെടുന്നു എന്നതാണ് മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് തട്ടിപ്പിലെ ഗൗരവമുള്ള കാര്യം. ഇല്ലാത്ത രോഗത്തിന് വ്യാജ ബില്ല് വഴി തട്ടിയെടുത്ത പണം തിരിച്ചുപിടിച്ച് നാണക്കേട് മറക്കാനാണ് ഇപ്പോള്‍ വകുപ്പിന്‍റെ ശ്രമം

വാട്ടര്‍ അതോറിറ്റിയില്‍ വ്യാജ ചികില്‍സാ ബില്ല് കൊടുത്ത് 22 ലക്ഷം രൂപ തട്ടിയെടുത്തവരില്‍ ആറ്റിങ്ങള്‍ ഡിവിഷന് കീഴിലെ ഉന്നത ഉദ്യോഗസ്ഥരും. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ടെക്നിക്കല്‍ അസിസ്റ്റന്‍റും റവന്യൂ ഓഫീസറും ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസറും പണം തട്ടിയവരില്‍ ഉള്‍പ്പെടുന്നു. ഈ ഉന്നത ഉദ്യോഗസ്ഥരെല്ലാം കൊല്ലത്തെ മേലത്തില്‍ ആയൂര്‍ ക്ലിനിക്കിന്‍റെ വ്യാജബില്ലുകള്‍ സമര്‍പ്പിച്ചാണ് പണം തട്ടിയത്. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം തുടരുന്നു. ഇല്ലാത്ത ബില്ലില്‍ വല്ലാത്ത കൊള്ള.
ആറ്റിങ്ങല്‍ വാട്ടര്‍ അതോറിറ്റി ഡിവിഷന് കീഴില്‍ രണ്ട് സബ് ഡിവിഷനുകളാണ് ഉള്ളത്. ആറ്റിങ്ങലും വര്‍ക്കലയും. ഈ ഓഫീസുകളിലെ പ്യൂണ്‍ മുതല്‍ സബ് ഡിവിഷന്‍ ചുമതലക്കാരനായ അസിസ്റ്റന്‍റ് എക്സിക്യൂട്ട് എഞ്ചിനീയര്‍ വരെ പണം തട്ടി. രാജേഷ് ഉണ്ണിത്താന്‍ എന്ന അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 43000 രൂപ തട്ടിയെടുത്തത് മേലത്തില്‍ ആയൂര്‍ ക്ലിനിക്കിന്‍റെ വ്യാജ ബില്ല് ഉപയോഗിച്ച്. ഇതേ സുദേഷ് ഡോക്ടറാണ് 500 രൂപ കൊടുത്തപ്പോള്‍ ഏഷ്യാനെറ്റ്ന്യൂസ് സംഘത്തിന് 9000 രൂപയുടെ ബില്ല് നല്‍കിയത്. ഉയര്‍ന്ന തസ്തികയായ ടെക്നിക്കല്‍ അസിസ്റ്റന്‍റ് പദവി വഹിക്കുന്ന എസ് ബൈജു രണ്ട് തവണയായി 68000 രൂപ തട്ടിയെടുത്തു. ബില്ല് മേലത്തിലിന്‍റെ പേരിലുള്ള ഡോക്ടര്‍ സുദേഷ് കൊടുത്തത്. ടെക്നിക്കല്‍ അസിസ്റ്റന്‍റ് ദീപ്തി എസ് ചന്ദ്രന്‍ 34000 രൂപ തട്ടിയെടുത്തതതും ഇതേ ബില്ല് ഉപയോഗിച്ച്. സാമ്പത്തിക ഉപദേശം നല്‍കേണ്ട ഡിവിഷൻ അക്കൗണ്ട്സ് ഓഫീസര്‍മാരായ കെഎ രാകേഷ് കുമാറും ചന്ദ്രബാബു ആചാരിയും 34000 രൂപ വീതം തട്ടിയെടുത്തു. ജൂനിയര്‍ സൂപ്രണ്ട് എ ബാലകൃഷ്ണന്‍ രണ്ട് തവണയായി തട്ടിയെടുത്തത് 55000 രൂപയാണ്. കിലോക്കണക്കിന് ച്യവനപ്രാശവും ലിറ്റര്‍ കണക്കിന് കഷായവും ഒറ്റബില്ലില്‍ ഡോ എംഎസ് സുദേഷ് എഴുതി കൊടുത്തപ്പോള്‍ അത് പരിശോധിക്കേണ്ടവര്‍ തന്നെ തട്ടിപ്പ് നടത്തി എന്നതാണ് ഗൗരവമുള്ള കാര്യം.
ഏറ്റവും ഉയര്‍ന്ന തസ്തികയുള്ള ഉദ്യോഗസ്ഥന്‍ വരെ പണം തട്ടിയവരില്‍ ഉള്‍പ്പെടുന്നു എന്നതാണ് മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് തട്ടിപ്പിലെ ഗൗരവമുള്ള കാര്യം. ഇല്ലാത്ത രോഗത്തിന് വ്യാജ ബില്ല് വഴി തട്ടിയെടുത്ത പണം തിരിച്ചുപിടിച്ച് നാണക്കേട് മറക്കാനാണ് ഇപ്പോള്‍ വകുപ്പിന്‍റെ ശ്രമം.
മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റിൻ്റെ മറവിൽ തട്ടിപ്പ്; റിപ്പോർട്ട് തേടി മന്ത്രി റോഷി അഗസ്റ്റിൻ