പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് തെറ്റായ കൊവിഡ് പരിശോധനാ ഫലം നൽകിയെന്ന് പരാതി. പുല്ലാട് സ്വദേശി തേജൾ ശ്രീവൽസനാണ് തിരുവല്ല ബിലിവേഴ്സ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ മാസം 13 നാണ് വിദേശത്തായിരുന്ന തേജൾ ശ്രീവൽസൺ നാട്ടിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഭർത്താവും മക്കളുമായി ദുബായിലേക്ക്  തിരികെ പോകാൻ വേണ്ടിയാണ് സെപ്റ്റംബർ ഏഴിന് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയത്. 

തേജളിനൊപ്പം ഭർത്താവിന്റെയും മക്കളുടെയും പരിശോധന നടത്തി. തൊട്ടടുത്ത ദിവസം ഭർത്താവിന്റെയും മക്കളുടെയും ഫലം നെഗറ്റീവ് എന്ന റിപ്പോർട്ട് കിട്ടി. തേജളിന്റെ റിസൾട്ട് കിട്ടാത്തതിനെ തുടർന്നാണ് വിളിച്ചന്വേഷിച്ചപ്പോഴാണ് പോസിറ്റീവ് എന്ന് അറിയിച്ചത്. റിസൾട്ടിൽ സംശയം തോന്നിയ തേജൾ ഡിഡിആർസിയിൽ വീണ്ടും പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ്. രണ്ട് ദിവസത്തിന് ശേഷം ദുബൈ വിമാനത്താവളത്തിലെ പരിശോധന ഫലവും നെഗറ്റീവായെന്ന് തേജൾ പറയുന്നു. എന്നാൽ പരിശോധനയിൽ പിഴവ് വന്നിട്ടില്ലെന്നും തെറ്റായ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.