മക്കളെ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളോടാണ് സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നതെന്ന് ശരത്ത് ലാലിന്‍റെ പിതാവ് സത്യനാരായണന്‍. 


തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ ഉന്നത സിപിഎം നേതാക്കള്‍ കുടുങ്ങുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടെന്ന് കൊലപ്പെട്ട കൃപേഷിന്‍റെ പിതാവ് കൃഷ്ണന്‍. മക്കളെ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളോടാണ് സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നതെന്ന് ശരത്ത് ലാലിന്‍റെ പിതാവ് സത്യനാരായണനും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും. 

കേസ് സിബിഐക്ക് വിട്ടു കൊടുത്തിട്ട് പോലും കേസ് ഡയറി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവത്തത് സിപിഎം ഉന്നതനേതാക്കള്‍ കേസില്‍ കുടുങ്ങുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നത് കൊണ്ടാണ്. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളുടെ മുഖ്യമന്ത്രിയാണ്. ഞാനും അദ്ദേഹത്തിന് വോട്ട് ചെയ്ത ആളാണ്. എന്‍റെ മകനെ വെട്ടിക്കൊന്ന ശേഷമാണ് ഞാനും എന്‍റെ കുടുംബവും സിപിഎമ്മിനെ വെറുത്തത്. ഖജനാവില്‍ നിന്നും പൈസ എടുത്ത് ചിലവാക്കും എന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തെയല്ല കേരളത്തിലെ ജനങ്ങളെയാണ് ഇതിലൂടെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത്. 

ഞങ്ങള്‍ക്ക് കിട്ടേണ്ട നീതി ഇല്ലാതെയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തുടക്കം മുതല്‍ ഈ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കേരള പൊലീസോ ക്രൈംബ്രാഞ്ചോ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കുമെന്നും ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകളിലൂടെ ഞങ്ങളുടെ സംശയം തെളിയിക്കപ്പെട്ടിരിക്കുകയാണ്. കൊലയാളികളായ നേതാക്കളോടൊപ്പമല്ല.. കൊല്ലപ്പെട്ട ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി നില്‍ക്കേണ്ടത്.  - കൃഷ്ണന്‍ (കൃപേഷിന്‍റെ പിതാവ്) 

അന്വേഷണത്തെ തടയിടാനും പാര്‍ട്ടി നിശ്ചയിക്കുന്നയിടം വരെ മാത്രം അന്വേഷണം പോയാല്‍ മതിയെന്നുമുള്ള അവരുടെ തീരുമാനമാണ് നമ്മള്‍ നിയമസഭയില്‍ കണ്ടത്. നീതി ലഭിക്കേണ്ടത് ആര്‍ക്കാണ് ? സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത് ? ഒരു വര്‍ഷമായി ഞങ്ങള്‍ നീതി തേടി കോടതി കയറിയിറങ്ങുകയാണ്. മക്കളെ നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് ഇതിലേറെ എന്താണ് സഹിക്കേണ്ടത്. മക്കളെ നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളോടാണ് സര്‍ക്കാര്‍ ഈ യുദ്ധം ചെയ്യുന്നത് എന്ന് ആലോചിക്കണം. 

കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ കോടതി ഉത്തരവിട്ടു 25 ദിവസം കഴിഞ്ഞിട്ടും അതിനുള്ള ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയില്ല. തുടര്‍ന്ന് ഞങ്ങള്‍ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി എജിയെ വിളിപ്പിച്ചു. ഡിജിപിക്ക് വേണ്ടി ഹാജരായ എജിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി ശകാരിച്ചത്. തുടര്‍ന്ന് എത്രയും പെട്ടെന്ന് കേസ് ഫയല്‍ കൈമാറാം എന്ന് എജി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. ആ സത്യവാങ്മൂലത്തിന്‍റെ ലംഘനമാണ് മുഖ്യമന്ത്രി ഇന്നു നടത്തിയ പ്രസ്താവന - സത്യനാരായണന്‍ (ശരത് ലാലിന്‍റെ പിതാവ്)