കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ പന്ത്രണ്ട് വയസുകാരിയെ അയൽവാസി പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുന്നതായി കുടുംബം. രാഷ്ട്രീയ സ്വാധീനവും പണവും ഉള്ളതുകൊണ്ടാണ് ഒരു മാസമായിട്ടും ആക്കാട്ട് ജോസിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതി ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.

നവംബർ 19നാണ് അയൽക്കാരനായ ആക്കാട്ട് ജോസിനെതിരെ കുട്ടിയുടെ കുടുംബം കുടിയാൻ മല പൊലീസിൽ പരാതി നൽകിയത്. റബർ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ച് കടന്ന് 12 കാരിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. മാനസീക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി വിശദമായ മൊഴിയെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായി. 

ഒരു മാസം പിന്നിട്ടിട്ടും കുടിയാൻമല പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാൽ കുടുംബം തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നൽകി. മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയതിനാലാണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ആദ്യം പ്രതികരിച്ച കുടിയാൻമല പൊലീസ് പ്രതി ഒളിവിലാണെന്നാണ് ഇപ്പോൾ വിശദീകരിക്കുന്നത്.